Wednesday, September 28, 2016

മാർക്കറ്റിങ്

ഇന്ന് ട്രെയിനിൽ വച്ച് മനസ്സിലാക്കിയ മാർക്കറ്റിങ് തന്ത്രം!

"കശുവണ്ടി കശുവണ്ടി..."

ആരാലും തിരിഞ്ഞു നോക്കപ്പെടാതെ അയാൾ നടന്നു നീങ്ങി.

അടുത്തത്...

"കപ്പലണ്ടി..കപ്പലണ്ടി.., ഇവിടെ ആർക്കാ കാപ്പലണ്ടി കിട്ടാൻ ബാക്കി? എല്ലാർക്കും കിട്ട്യോ?"

ഉടനെ സീറ്റിൽ ഇരുന്ന കുട്ടി കൈനീട്ടിയതും, അയാൾ പാക്കറ്റ് കൈമാറിയതും ഒരുമിച്ച്‌.

അന്ധാളിച്ചുകൊണ്ട് അവനെ നോക്കി അവന്റെ അച്ഛൻ ഷർട്ടിന്റെ  കീശയിൽ കയ്യിട്ടു.

രമണ

ഒരിക്കൽ രമണ മഹർഷിയുടെ ആശ്രമം സന്ദർശിച്ച യുവാവ്: "സ്വാമീ....., എന്താ ഇവിടെ നടക്കുന്നത്? കോണകം മാത്രം ധരിച്ച ആളുകൾ... ഇതൊക്കെ ശരിയാണോ?"

സ്വാമി: "വരുന്നവർ അവർക്ക് വേണ്ടത് കണ്ടിട്ട് പോകുന്നു"

വാൽക്കഷ്ണം:
വസ്ത്രധാരണ സ്വാതന്ത്ര്യത്തിനു വേണ്ടി കവലയിൽ പ്രസംഗിച്ചിട്ടവൻ നേരെ വീട്ടിൽ വന്ന് ഫേസ്ബുക്കിൽ ഉത്തരേന്ത്യയിൽ ഏതോ സ്വാമി കോണകം ധരിക്കാത്തതിൽ പ്രതിഷേധിച്ചു.
അയാൾ പറഞ്ഞ കാര്യം കേൾക്കാതെ അവൻ അയാൾക്കെതിരെ അലറി.

നാളെയവന് നേരത്തെ എഴുന്നേൽക്കണം, അലാറം വച്ചു കിടന്നു; രാവിലെ ഓഫീസിൽ പോകുന്നതിനു മുൻപ് ടൗണിൽ ചുംബന സമരമുണ്ട്. രാവിലെ തന്നെ കഴുത്തിൽ കോണകവും കെട്ടി ഈ ഉഷ്ണകാലത്ത് ഓടണം. Because he lives in a civilized society.

യുവിയ അഥവാ മഴ.

എന്നും ലിയോണിൽ മഴ പെയ്യുമ്പോൾ തലശ്ശേയിൽ വീട്ടിലേക്ക് വിളിച്ചാൽ അപ്പൊ ഇവിടെയും മഴ ആണെന്ന് കേൾക്കും. അപ്പോൾ ആലോചിക്കും ഇനി കുറെ കാലം കഴിഞ്ഞു നാട്ടിൽ മഴ പെയ്യുമ്പോൾ ഒരു രസത്തിന്  മെക്സിക്കോയിൽ മഴ ഉണ്ടോന്ന് അന്വേഷിക്കണം.

ഇന്നലെ തലശ്ശേരിയിൽ കുത്തിയൊലിച്ചു മഴപെയ്തു...മെക്സിക്കോയിൽ ഉള്ള ഒരു സുഹൃത്തിന്റെ വാളിൽ നോക്കിയപ്പോൾ ലിയോണിൽ മഴ തകർക്കുകയാണ്. മെക്സിക്കോയിൽ മഴ അല്ല lluvia (യുവിയ) :)

പെറുക്കി!

പണ്ട് അപ്പുറത്തെ വീട്ടിലെ പറമ്പിൽ സഞ്ചിയെടുത്ത് ബിലിമ്പി പെറുക്കാൻ മമ്മി വിടില്ലെന്ന് പറയുന്നവനൊക്കെ ഇപ്പൊ  അങ്ങ് അമേരിക്കയിൽ ഏതൊക്കെയോ കച്ചറ സായ്‌പ്പൻമ്മാരുടെ കൂടെ ആരാന്റെ പറമ്പിൽ ആപ്പിള് പെറുക്കി നടക്കാ...

എന്നിട്ട് ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടേക്കുവാ "picking apples"...

"Picking Bilimbi..." ഞാൻ അടുത്ത ആഴ്ച നാട്ടിൽ പോയാൽ ഇടാം. :D

Tuesday, September 27, 2016

Whatsapp

നിങ്ങൾ ഒറ്റപ്പെട്ട ഒരു സ്ഥലത്താണ്, നിങ്ങളുടെ ഫോണിലാണെങ്കിൽ ബാലൻസുമില്ല, ആരെയെങ്കിലും ഒന്ന് വിളിച്ചു അത്യാവശ്യ കാര്യം പറഞ്ഞെ മതിയാകു എന്ന അവസ്ഥയിൽ നിങ്ങൾ എന്ത് ചെയ്യും?

ഏതെങ്കിലും ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും എക്സിറ്റ് അടിക്കുക. അഡ്മിൻ നിങ്ങളെ ഉടൻ വിളിച്ചു കാര്യങ്ങൾ തിരക്കും. ഞാൻ ചെയ്ത് വിജയിച്ച ഉപായമാണ്. :)

Saturday, September 24, 2016

ജിയോ!

ഇന്ന് Jio sim എടുക്കാൻ തലശ്ശേരി ടൗണിൽ പോയി. ഒടുവിൽ എന്റെ ഫോൺ മുന്തിയ ഇനം ആയതുകൊണ്ട് സപ്പോർട്ട് ചെയ്യില്ല എന്നറിഞ്ഞു തിരിച്ചു വന്നു.

അവിടെ വന്നവരിൽ പലതരക്കാരുണ്ട്. ചെരുപ്പ് പോലും ഇടാതെ ഒരു അച്ഛൻ ചെറിയ മകനെയും കൂട്ടി അവന് jio സിം വാങ്ങിക്കൊടുക്കുന്ന കാഴ്ച കണ്ടു.

ഫ്രീ ആയത് കൊണ്ടാണ് ഞാനും പോയത്. അല്ലെങ്കിലും ഫ്രീയായി നായ്‌ക്കാട്ടം കൊടുക്കുന്നുണ്ട് എന്ന് കേട്ടാൽ നമ്മൾ ഇന്ത്യക്കാർ അവിടം വരെ ഒന്ന് പോയി നോക്കും. അൽസേഷനാണോ, നാടനാണോ എന്നറിയാൻ.

രാവിലെ 11 മണിക്ക് എനിക്ക് കിട്ടിയ ടോക്കൺ 66, ഞാൻ വീട്ടിൽ പോയി വൈകുന്നേരം 5 മണിക്ക് വീണ്ടും ചെന്നപ്പോൾ  ടോക്കൺ 50 എത്തിയതെയുള്ളു. എന്റെ തൊട്ടു മുൻപിൽ നിന്നയാളെ ഞാൻ ശ്രദ്ധിച്ചു. പോളിസ്റ്റർ മുണ്ടുടുത്തു ചെക്ക് ഷർട്ട് ധരിച്ച ഒരു മധ്യവയസ്ക്കൻ. അയാളെ ഞാൻ ശ്രദ്ധിക്കാൻ കാരണം കാലിന്റെ പെരു വിരലിൽ അയാൾ ചുകന്ന നെയിൽ പോളിഷ് ഇട്ടിട്ടുണ്ട്. ചിലപ്പോൾ ഉറക്കത്തിൽ അയാളുടെ മക്കൾ ഒപ്പിച്ചതാകാം  എന്നൊക്കെ ക്യൂവിൽ നിൽക്കുന്ന ഞാൻ സങ്കൽപ്പിച്ചു;  ഒരു നേരമ്പോക്ക്.

അയാളുടെ മുഖത്തു സിം കിട്ടുന്ന സന്തോഷം പ്രകടമാണ്. ശബരിമലയിൽ ക്യൂ നിന്ന് ഒടുവിൽ പതിനെട്ടാം പടി കയറുമ്പോളുണ്ടാകുന്ന ഒരു സന്തോഷം, ആത്മ നിർവൃതി.

അന്വേഷിച്ചപ്പോൾ അയാൾ കോടിയേരിയിൽ നിന്ന് രാവിലെ തലശ്ശേരി വന്നു 60 നമ്പർ ടോക്കൺ എടുത്ത് ക്യൂവിൽ വൈകുന്നേരം വരെ ഭക്ഷണം പോലും കഴിക്കാതെ നിൽക്കുകയാണെന്ന് മനസ്സിലായി.

"ചേട്ടാ, നിങ്ങൾക്ക് രാവിലെ ടോക്കൺ വാങ്ങി വീട്ടിൽ പോയി വൈകുന്നേരം വന്നാൽ പോരായിരുന്നോ? നമ്പർ 60 അല്ലെ, ഭക്ഷണം പോലും കഴിക്കാതെ..."

"വീട്ടിൽ പോയാലും ഭക്ഷണം കിട്ടൂല... ഓള് പറഞ്ഞിന് ഇത് വാങ്ങാണ്ട് അങ്ങോട്ട് ചെല്ലണ്ടാന്ന്"

അപ്പോൾ ഞാൻ അയാളുടെ മനസ്സിലേ സന്തോഷം ന്യായമാണെന്ന് മനസ്സിലാക്കി.

Thursday, September 22, 2016

Facebook

അരുൺ എസ് കുമാർ എന്ന മലയാളി പയ്യൻ ഫേസ്ബുക്കിലെ bug fix ചെയ്തതിന് പത്തുലക്ഷം രൂപ നേടി - വാർത്ത.

നമ്മളൊക്കെ profile pic മാറ്റാനും, like അടിക്കാനും, comment അടിക്കാനും മാത്രമല്ലേ ഇത് വരെ നോക്കിയുള്ളൂ. ഇതുവരെ sign out button എവിടെയാണെന്ന് പോലും നോക്കിയിട്ടില്ല; പിന്നല്ലേ...

Friday, September 16, 2016

ടെക്നോളജി

ഞാൻ: "നീ ഏതാ ടെക്നോളജി?"

സുഹൃത്ത്: "ജാവ"

ഞാൻ: "ജാവ എനിക്കറിയില്ല"

സുഹൃത്ത്: "നീ ഏതാ ടെക്നോളജി?"

ഞാൻ: "മെയിൻ ഫ്രെയിം"

സുഹൃത്ത്: "മെയിൻ ഫ്രെയിം എനിക്കറിയില്ല"

ഞാൻ: "എനിക്കും"

Thursday, September 15, 2016

പോയി...

നിയമം നിയമത്തിന്റെ വഴിക്ക് പോയി...
പ്രതി പ്രതിയുടെ വഴിക്ക് പോയി...
തെളിവ് നൽകേണ്ടവർ സ്വാധീനത്തിന്റെ പിറകെയും പോയി...
മാധ്യമങ്ങൾ പണത്തിന്റെ പിറകെയും പോയി...

നീതി തേടിയവന്റെ പ്രതീക്ഷയും പോയി.
#SorrySowmya

Wednesday, September 14, 2016

ഓണാശംസകൾ!

ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നവർക്കെല്ലാം വയറ് നിറഞ്ഞ ഓണാശംസകൾ നേരുന്നു.
#ഒരുപായകിട്ടുമോ

Monday, September 12, 2016

ചിന്ത!

"മഹേഷേ, നിന്റെ എഴുത്തൊക്കെ നന്നാകുന്നുണ്ട്. നിനക്ക് ഭാവിയുണ്ട്, ചില എഴുത്തുകൾ എന്നെ  ചിന്തിപ്പിക്കാറുണ്ട്".

ഞാൻ: "എന്ത്?"

"നിന്നെ അൺ-ഫ്രണ്ട് ചെയ്യണോ, അൺ-ഫോളോ ചെയ്യണോ എന്ന്".

നല്ലവരാ!

പണ്ട് "മുല്ലപ്പെരിയാർ" എന്ന് പറഞ്ഞു തമിഴന്റെ വണ്ടിക്ക് കല്ലെറിഞ്ഞവനൊക്കെ ഇപ്പൊ ആകാശത്തേക്ക് പ്രാവിനെ പറപ്പിക്കുന്ന കാഴ്ച്ച നയന മനോഹരം തന്നെ. #മലയാളികൾനല്ലവരാ ;)

മലയാളിക്ക് തിന്നാനുള്ള പച്ചക്കറി നട്ടുനനയ്ക്കാനുള്ള വെള്ളത്തിന് വേണ്ടി അടികൂടാതെ പിരിഞ്ഞു പോകിനെടാ മക്കളെ... ആരൊഴിച്ചാലും നമുക്ക് പച്ചക്കറി സമയത്തിന് കിട്ടിയാമതി.
#ഒന്ന്നിർത്തുമോ?

ശ്രദ്ധ!

ബിവറേജിൽ നിന്ന് കുപ്പിവാങ്ങി റോഡ് മുറിച്ചു കടക്കുന്നവന്റെ നാലിലൊന്ന് ശ്രദ്ധ നമുക്കുണ്ടായൽ മതി,  കേരളം അപകട മുക്ത സംസ്ഥാനമാകും. #കണ്ട്‌പടിക്കിനെടാ

Saturday, September 10, 2016

കൊടി മരം

ക്ഷേത്രങ്ങളിൽ ഉത്സവകാലത്ത് (7 ദിവസം) മാത്രം ഉപയോഗിക്കുന്ന കൊടിമരം ബാക്കി 358 ദിവസങ്ങളിൽ മൊബൈൽ കമ്പനികൾക്ക് കൊടുക്കാൻ ദേവസ്വം ആലോചിച്ചുകൂടായ്കയില്ല. ക്ഷേത്ര വരുമാനം കൂടിയാൽ നല്ലതല്ലേ...

Friday, September 9, 2016

മഹാബലി

ഇത്രനാളും പുരണങ്ങളൊക്കെ കെട്ടുകഥകളാണെന്ന് പറഞ്ഞവരെ കൊണ്ട് അനേകം വർഷങ്ങൾക്കിപ്പുറം സവർണ്ണ ഫാസിസ്റ്റ് വാമനൻ ജീവിച്ചിരുന്നു, മഹാബലിയെ അടിച്ചമർത്തിയിരുന്നു എന്ന തരത്തിൽ പോസ്റ്റുകളും പ്രസ്താവനകളും ഇറക്കിപ്പിക്കുക തന്നെയായിരിക്കില്ലേ മഹാബലിയുടെ ജീവിത ദൗത്യം? #twist

വാമനൻ മാസ്സ് ആണെങ്കിൽ മാവേലി നിങ്ങൾ മരണമാസ്സാണ്! :D

Monday, September 5, 2016

വണ്ണാൻ

തലശ്ശേരി ഭാഷാപ്രയോഗങ്ങൾ മറ്റു ജില്ലകളിൽ പ്രയോഗിച്ചു അപകടത്തിൽ ചാടുന്നത് പതിവാണ്. ചിലപ്പോൾ ഞാൻ ആലോചിക്കും കണ്ണൂര് ജോലി ചെയ്ത   ബംഗാളി എറണാകുളം, തിരുവനന്തപുരം ഒക്കെ യാത്ര ചെയ്യുമ്പോൾ അവൻ എത്രമാത്രം കഷ്ടപ്പെടും ഭാഷ പഠിക്കാൻ.

സാധാരണ കണ്ണൂരിന് പുറത്തുള്ളവരോട് ആശയവിനിമയം നടത്തുമ്പോൾ ഞാൻ ഒരു ഫിൽറ്റർ ഇടും, അവർക്കു മനസ്സിലാകാൻ പൊതു ശൈലി കൊണ്ടുവരും.

ടെക്നോപാർക്കിൽ ജോലി ചെയ്യുമ്പോൾ ഒരു ദിവസം കഴക്കൂട്ടത്ത് ഉള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി. ഞാൻ മസാല ദോശ കഴിച്ചുകൊണ്ടിരിക്കെ സാമ്പാറിൽ ഒരു എട്ടുകാലിയെ (തലശ്ശേരിയിൽ വണ്ണാൻ എന്ന് പറയും) കണ്ടു.

ഉടനെ ഞാൻ കാഷ്യറെ കണ്ടു കാര്യം ശക്തമായ ഭാഷയിൽ അറിയിച്ചു. കലി വരുമ്പോൾ നമ്മുടെ ഭാഷാ ഫിൽറ്റർ അടപ്പ് തെറിക്കും...കണ്ണൂർ ഭാഷ ഒഴുകിവരും.

"നിങ്ങൾ എനിക്ക് വിളമ്പിയ സാമ്പാറിൽ ഒരു വണ്ണാൻ..."

അയാൾ വാ പൊളിച് എന്നോട് ചോദിച്ചു: "സർ, സാമ്പാറിൽ അണ്ണാനോ? എവിടെ?"

Sunday, September 4, 2016

Bollywood

ബോംബേ നമ്പറിൽ നിന്ന് ഒരു കോൾ വന്നു.

"അരെ മഹേഷ്ജി മേം ആപ്കാ ഷോർട്ട് ഫിലിം ദേഖാ.... സബർദസ്ത്.. ആപ് ബോളി വുഡ് മേം കാം കാരോഗേ ക്യാ?"

ഞാൻ: "ബാബൂട്ടി, നീ കാര്യം പറ..."

ബാബൂട്ടി: "നീ ആള് കൊള്ളാലോ, എങ്ങനെ മനസ്സിലായി?"

ഞാൻ: "ഡേയ്, മാമുക്കോയ മലയാളം പറയുന്നതും ഹിന്ദി പറയുന്നതും കണ്ണടച്ച് മനസ്സിലാക്കാൻ അത്ര കഴിവൊന്നും വേണ്ടല്ലോ.."

Saturday, September 3, 2016

അപകടം

സുഹൃത്ത് അപകടത്തിൽപ്പെട്ട വാർത്ത അറിഞ്ഞു ഹോസ്പിറ്റലിൽ അവനെത്തുന്നതിനു മുൻപ് ഞാൻ ഓടിയെത്തി. അവനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അവൻ മാനസികമായി തളർന്നിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കയറ്റി ഉടനെ അവനെ അവർ OP യിലേക്ക് കൊണ്ടുപോകാനുള്ള തിടുക്കത്തിലാണെന്നു  മനസ്സിലായി.

അവൻ അവന്റെ മൊബൈലും, കഴുത്തിൽ കുഞ്ഞുനാളിൽ ആരോ കെട്ടിക്കൊടുത്ത വലുപ്പമുള്ള ഒരു നെക്ലസ് പോലുള്ള സ്വർണ്ണമാലയും എന്റെ നേരെ നീട്ടി.

"ഇത് എന്റെ വീട്ടുകാരെ ഏൽപ്പിക്കണം, ഇനി എനിക്ക് നടക്കാൻ പറ്റുമോ.." എന്നൊക്കെ ദയനീയമായി പിറുപിറുക്കുന്നുണ്ട്

അവന്റെ അവസ്ഥ കണ്ടിട്ട് എനിക്കും അവൻ നടക്കുന്ന കാര്യം സംശയമായിരുന്നു. അത്ര മാരക ഇടിയാണ് കാലിൽ.

സിസ്റ്റർ അവന്റെ അടുത്ത് വന്ന്‌ കാലമുട്ടിന്റെ ഭാഗത്ത്‌ നുള്ളി നോക്കി, എന്നിട്ട് പറഞ്ഞു "സർ, ഇത് റിമൂവ് ചെയ്യേണ്ടിവരും"

അവർ പറഞ്ഞു തീരുന്നതിനു മുന്നേ ചങ്ങാതി കരയാൻ തുടങ്ങി..
"സിസ്റ്റർ, എന്റെ വീട്ടുകാർ വരട്ടെ... എന്നിട്ട് മതി... പ്ളീസ്... ഡോക്ടർ ശരിക്ക് നോക്കിയോ? എനിക്ക് ജീവിക്കാൻ കാല്‌ വേണം സിസ്റ്റർ..."

സിസ്റ്റർ: "സർ, ഈ പാന്റ് റിമൂവ് ചെയ്യണം എന്നാ ഞാൻ പറഞ്ഞെ..."

"ങേ..."

Friday, September 2, 2016

കഷണ്ടി

എല്ലാ ഉണങ്ങിയ വയലുകൾക്കും ഫലഭൂയിഷ്ടമായ ഒരു ഭൂതകാലത്തിന്റെ കഥ പറയാനുണ്ടാകും.

അതുപോലെ എല്ലാ കഷണ്ടികൾക്കും തഴച്ചുവളർന്ന ഒരു പ്രതാപകാലത്തിന്റെ കഥ പറയാനുണ്ടാകും. ;)