Saturday, March 5, 2016

നെക്സസ് കട്ട നീചൻ

ബസ്സ് യാത്രക്കിടെ നെക്സസ് 6 ഫോൺ പോക്കറ്റടിച്ച് രണ്ടാഴ്ച്ചയേ ആയുള്ളു. ശേഷം അതേ ബസ്സിൽ പലതവണ കയറി കള്ളനെ പല തവണ പിടിക്കാൻ ശ്രമം നടത്തി. ഒക്കെ പരാജയം.
എന്നാലും കള്ളന്റെ രൂപവും, ഭാവവും സദാസമയം മനസ്സിൽ സേവ് ചെയ്തും, യാത്രക്കാരുടെ മുഖവുമായി ഒത്ത് നോക്കിയുമായിരുന്നു പിന്നീട് ഒരുമാസത്തെ യാത്ര.
അങ്ങനെ എറണാകുളത്ത് നിന്ന് തലശ്ശേരിക്ക് പോകാൻ ജനശതാബ്ദിയിൽ കയറി. ട്രയിനിൽ ബാഗ് മുകളിൽ, എന്റെ തലയുടെ അൽപം മുന്നിലായിട്ടാണ് വച്ചത്. ഒരു കണ്ണ് എപ്പോഴും ബാഗിലാണ്. ഏതെങ്കിലും കള്ളൻ എന്റെ സമയദോഷത്തിന് ബാഗ് അടിച്ച്മാറ്റിയാൽ കാണാല്ലോ, അവനെ കയ്യോടെ പിടികൂടി പെരുമാറണം. അത്രയ്ക്ക് ദേഷ്യമുണ്ട് നെക്സസ് കട്ട ആ നീചനോട്.

കോഴിക്കോട് വിട്ടാൽ പിന്നെ വടകര, തലശ്ശേരി. നല്ല ഉറക്കുണ്ട്, എന്നാലും സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോഴുള്ള വലിവിൽ നമ്മളുണരും; ഉണർന്നാലും വടകര ബോർഡ്‌ കണ്ടാൽ തലശ്ശേരി അല്ലെന്ന് ഉറപ്പുവരുത്തി വീണ്ടും കണ്ണടച്ച് ഉറക്കാസ്വദിക്കും. വടകരയെത്തി, വണ്ടി നിർത്തി ആളുകളിറങ്ങുന്ന ശബ്ദം കേൾക്കാം. വണ്ടി ചെറുതായി നീങ്ങിത്തുടങ്ങി; ഉടനെ എന്റെ കാൽമുട്ടിൽ ആരുടെയോ കാൽവന്ന് ഉരസി. മുകളിലെ ബാഗ് കൈക്കലാക്കി ഓടാനുള്ള സൂത്രമാണ്. വണ്ടി നീങ്ങിയ തക്കം നോക്കി മേഷണം പതിവ് രീതിയാണ്. കണ്ണടച്ചിട്ടാണെങ്കിലും പറക്കുന്ന കൊതുകിനെ കൈ കൊണ്ട് എങ്ങനെ പിടിക്കുമോ അതുപോലെ മനക്കണ്ണ് കൊണ്ട് ഞാനവന്റെ കൈത്തണ്ടയിൽ ഒറ്റ പിടുത്തം.
''കൈവിട് കൈവിട്... ഈ സ്റ്റേഷനിൽ ഇറങ്ങണം" അയാൾ ഉറക്കെ പറഞ്ഞു. ഞാൻ കണ്ണ് തുറന്നപ്പോൾ എന്റെ പിടിവിടുവിക്കാൻ കഴിയാതെ കെണിയിലായ എലിയെപ്പോലെ ഒരു മധ്യവയസ്ക്കൻ.

അയാളുടെ മുഖത്ത് 'ഞാൻ കള്ളനല്ല' എന്ന ഭാവവും, നാണം കലർന്ന ചിരിയും. യാത്രക്കാർ എന്നെ നോക്കുന്നു. ഇളിഭ്യനായ ഞാൻ അവരെ നോക്കി അയാളുടെ കൈവിടുവിച്ച് കൊണ്ട് പറഞ്ഞു "കഴിഞ്ഞയാഴ്ച്ച കീശയിൽ നിന്ന് മൊബൈൽ പോയതാ... അതിന്റെ ഓർമ്മയിൽ പെട്ടന്ന് പ്രതികരിച്ചതാണ്"
ട്രെയിൻ വേഗം കൂട്ടി മുന്നോട്ട് നീങ്ങി...

പാവം യാത്രക്കാരൻ, കൂട് തുറന്ന് കിട്ടിയ തത്തയെ പോലെ പാറിപ്പോയി.