Thursday, August 8, 2013

എന്ത് നല്ല സ്നേഹൂള്ള  കേരളാ പോലീസ് !


വൈകിയാണ് ഓഫീസിൽ നിന്നിറങ്ങിയത്. പതിവ് ഹോട്ടലുകളൊക്കെ അടച്ചതുകൊണ്ട് നേരെ ഇൻഫോപാർക്ക് സെസ്സിനടുത്തുള്ള തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചു. എ ടി എമ്മിൽ നിന്ന് അഞ്ഞൂറും നൂറിന്റെ അഞ്ചു പിടക്കുന്ന നോട്ടും എടുത്തു മടങ്ങവേ എന്റെ മൊബൈൽ ചിലച്ചു. പൊതുവെ കാറോടിക്കുമ്പോൾ മൊബൈൽ എടുക്കാത്ത ഞാൻ സ്പീക്കർ മോടിൽ ഞെക്കിയ താമസം ഒരു പോലീസ് വണ്ടി ഓവർ ടേക്ക് ചെയ്തു. അതിലിരുന്ന ഡ്രൈവർ വലതുകൈ കൊണ്ടും മുൻ സീറ്റിലിരുന്ന പോലീസുകാരൻ ഇടതുകൈ കൊണ്ടും ഒരു പക്ഷി തൻറെ രണ്ടു ചിറകുമിട്ടു പറക്കാൻ ശ്രമിച്ചപോലെ എന്നോട് കാർ നിർത്താൻ ആഗ്യം കാണിച്ചു....
ഞാൻകാർ സൈഡ് ആക്കി.

സ്പീക്കർ ഓണ്‍ ചെയ്തതാണ് എന്ന് പറഞ്ഞുനോക്കി. രക്ഷയില്ല. രണ്ടായിരം രൂപ എടുക്കാൻ പറഞ്ഞപ്പോൾ എന്റെ മനസ്സിൽ അല്പ്പം മുൻപ് പിൻവലിച്ച പിടക്കുന്ന നോട്ടുകൾ പിടച്ചിൽ നിർത്തി.

"സർ, വിട്ടേക്ക് സർ. കയ്യിൽ ഒന്നുമില്ല" ഡ്രൈവർ എന്നെ അടിമുടി നോക്കി.

"സർ, ഈ വേഷമൊന്നും നോക്കണ്ട. പേഴ്സിൽ കാശില്ല"

പോലീസ്: "എത്രയുണ്ട്? ആയിരം?"

ഞാൻ: "ഇല്ല"

"അഞ്ഞൂറ്?"

ഞാൻ ചുണ്ടുകൊണ്ട് "റ" കാണിച്ചു.

"എന്നാൽ വണ്ടി സ്റ്റേഷനിൽ എടുക്ക്..."

"സർ, ഇരുനൂറ് രൂപയുണ്ട്"

പോലീസ്: "എന്നാൽ അതെട് ".

ഞാൻ കാറിൽ വച്ച പേഴ്സ് എടുക്കാൻ പോയി. പേഴ്സ് തുറന്നപാടെ പിടക്കുന്ന അഞ്ഞൂറും മുന്നൂറും ചാടി സീറ്റി നടിയിലൊളിച്ചു. ബാക്കി ഇരുനൂറ് എൻറെ കൂടെ പോലീസ് വണ്ടിയുടെ അടുത്തേക്ക് വന്നു.

"സർ, ഈ ഇരുനൂറു തന്നാൽ നാളെ രാവിലെ കാലി പെഴ്സാകും കണി"

ഏമാൻ: "എന്നാൽ നൂറ് എട്."
"തല്ക്കാലം വേറെ ചെറിയ കുറ്റം എഴുതിവിട്. കാറിന്റെ നമ്പർ എഴുതണം" അയാൾ കൂടെ ഉള്ള കുറഞ്ഞ പോലീസുകാരനോട്‌ പറഞ്ഞു.

അവർ തന്ന കുറിപ്പുമായി ഞാൻ കാറിൽ കയറി. കുറിപ്പ് നിവർത്തി നോക്കിയപ്പോൾ ചെറു പുഞ്ചിരി.. അത് ഒരു പൊട്ടിച്ചിരിയായി മാറി!

വാഹനം - കാർ - നമ്പർ
ഹെൽമെറ്റ്‌ ഇല്ലാതെ വാഹനം ഓടിച്ചു!

ഹെല്മെറ്റിട്ട് കാറോടിക്കാൻ ഞാനാരാ മൈക്കൽ ഷൂമാക്കറോ!