Tuesday, August 30, 2016

മല്ലികാർജ്ജുനൻ

ചെറുപ്പത്തിൽ ENT ഡോക്ടറുടെ കയ്യിലെ ആയുധങ്ങൾ മനസ്സിൽ ഭയം നിറച്ചിരുന്നു. ഇന്നും അതിനൊരു കുറവില്ല.

കണ്ണ് ഡോക്ടർ കണ്ണിൽ ഇൻജക്ഷൻ വെക്കുന്നതൊക്കെ ഇടക്ക് ആലോചിച്ചു നോക്കുന്നത് കാരണം ചെവിയും എനിക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ഡോക്ടറുടെ ആയുധങ്ങളുടെ പിടി ഒരുപോലെ തോന്നുമെങ്കിലും ഓരോന്നിന്റെയും അഗ്രം വ്യത്യസ്തമാണ്. ഓരോന്നും കാണുമ്പോൾ മനസ്സിൽ പല വിധത്തിലുള്ള വേദനകൾ അനുഭവപ്പെടും. ചിലത് ചെവിയുടെ ദ്വാരം വലുതാക്കി വയ്ക്കാൻ, വേറെ ചിലതു അകത്തു കടത്തിവിട്ട് ear drum മുട്ടി നോക്കാൻ അങ്ങനെ പോകും. ഒരു കൈപ്പിഴ മതി ആ ഡ്രം തകരാൻ. അതാണ് എന്റെ പേടിയുടെ കാരണം.

അമ്പലക്കുളത്തിൽ നീന്തി തിമർത്തത് കാരണം ചെവിക്കകത്തു ആരോ പ്ലാസ്റ്റിക് കവർ ചുളിക്കുന്ന 'ചർ ചർ' ശബ്ദം, കൂടെ ചെവി വേദനയും. അച്ഛൻ എന്നെയും കൂട്ടി അടുത്തുള്ള ഡോക്ടറെ കാണാൻ പോയി.

മേൽപ്പറഞ്ഞ ആയുധമേന്തിയ ഡോക്ടർ എന്റെ ശ്രദ്ധ തിരിക്കാൻ എന്തൊക്കെയോ ചോദിക്കുന്നുണ്ട്.

ഞാൻ: "ഡോക്ടറെ, വേദനയാക്കല്ലേ..."

ഡോക്ടർ: "എന്താ മോനെ പേര്?"

ചോദ്യം ശ്രദ്ധിക്കാതെ ഞാൻ: "മെല്ലെയാക്കണേ..."

ഡോക്ടർ: "മല്ലികാർജ്ജുനനോ?"

Wednesday, August 24, 2016

Feedback

കോളേജിലെ ലെക്ച്ചറർ ജോലി വിട്ട് പോകുകയാണ്. എല്ലാവരോടും ഒരു കഷണം കടലാസ്സിൽ അദ്ദേഹത്തെ കുറിച്ച് ഫീഡ്ബാക്ക് കൊടുക്കാൻ പറഞ്ഞു.

എല്ലാവരും അദ്ദേഹത്തെ നല്ലോണം പൊക്കി എഴുതി. കാരണം ഇന്റേണൽ തരേണ്ടത് ഇദ്ദേഹം ആണെന്ന യാഥാർഥ്യം അവരെ തുറിച്ചുനോക്കി.
അങ്ങനെയിരിക്കെ എന്റെ അടുത്തിരുന്ന സൂത്രക്കാരനായ സുഹൃത്ത് ഫീഡ്ബാക്ക് രണ്ട് കടലാസിൽ എഴുതി.

ഒന്നിൽ പേര് വെച്ചിട്ട് നന്മ നിറഞ്ഞ സറിനുള്ള കത്ത്, മറ്റൊന്നിൽ പേര് വെക്കാതെ അവന്റെ മനസ്സിലെ പച്ചയായ യാഥാർഥ്യം. അതിങ്ങനെയായിരുന്നു - "Where ever you go my curse will follow you". :)

അത് അവൻ എന്നെ കാണിച്ചു, ഞാൻ ചിരി അടക്കിപ്പിടിച്ചു. അത് അങ്ങനെ കൈമാറി പലരും വായിച്ചു. അതൊരു പൊട്ടിച്ചിരിയിൽ അവസാനിച്ചു.
ഉടനെ സാർ അവിടെ വന്ന് കാര്യം തിരക്കി. കടലാസ്സ് ഉടനെ വീഡിയോ റീവൈന്റ് അടിച്ചതുപോലെ അവന്റെ കയ്യിൽ തിരിച്ചെത്തി.

കടലാസ്‌ കയ്യിൽ കിട്ടിയുടൻ അവൻ അത് നിലത്തു കളഞ്ഞു. സർ വിട്ടില്ല, അദ്ദേഹം മുട്ടിലിഴഞ്ഞുപോയി കടലാസ് നിലത്തു നിന്ന് എടുത്തു വായിച്ചു.

പിന്നെ അവന്റെ രണ്ടു കക്ഷവും നുള്ളിപ്പറിച്ചു. ഒരാഴ്ച സൽമാൻ ഖാനെ പോലെയാണ് അവൻ ക്ലാസ്സിൽ വന്നത്.

Monday, August 22, 2016

ടീച്ചർ

പണ്ട് നാലാം ക്ലാസിൽ ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോൾ വെറുതെ ഒന്ന് 6 വർഷം ഭാവിയിലേക്ക് പോയി.

ടീച്ചർ: "നിങ്ങളെല്ലാം പത്താം ക്ലാസ്സിലെത്തിയാലും ടീച്ചറെ വഴിയിൽ കണ്ടാൽ ചിരിക്കണം"

പിറകിലെ ബെഞ്ചിലിരിക്കുന്ന കൂട്ടുകാരൻ എന്നോട് പിറുപിറുത്തു : "അപ്പൾത്തേക്ക്‌ ടീച്ചറെല്ലാം മരിച്ചിട്ടുണ്ടാവും ല്ലെ?"

ഞാൻ ഉടനെ വായകൊണ്ടു എന്തോ അതിശയ ശബ്ദം ഉണ്ടാക്കി..

ഉടനെ ടീച്ചർ കാര്യം തിരക്കി. സത്യസന്ധനായ ഞാൻ കാര്യം പറഞ്ഞു.

ടീച്ചർക്ക് വിഷമമായി...  ക്ലാസ്സിലെ എല്ലാവർക്കും അതുകണ്ട് വിഷമമായി.

കഴിഞ്ഞ ആഴ്ച്ചയും ടീച്ചറെ കണ്ടപ്പോൾ ഞാൻ ഈ സംഭവം ഓർത്തു.

Friday, August 19, 2016

ചായ

സ്ഥലം: ബസ്സ്‌ സ്റ്റോപ്പ്

(വെറും വയറോടെ രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്)

അപരിചിതൻ: "ചായ കുടിക്കാൻ എന്തെങ്കിലും തരൊ?"

ഞാൻ: "ഞാനും ചായ കുടിച്ചിട്ടില്ല"

അപരിചിതൻ: "രണ്ടാക്ക് ചായ കുടിക്കാൻ പൈസ ഉണ്ടാവോ?"

Friday, August 12, 2016

ജനറൽ ക്ലാസ്സ് യാത്ര

പൊതുവെ long weekendൽ ട്രെയിനിൽ ടിക്കറ്റ് കിട്ടാൻ നന്നേ ബുദ്ധിമുട്ടാണ്. വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി റിസർവേഷൻ കൂപ്പയിൽ കയറിയാൽ ടിക്കറ്റ് ഉള്ളവൻ ടിക്കറ്റ് ഇല്ലാത്തവനെ രൂക്ഷമായി നോക്കും. ഞാനും ഇങ്ങനെ നോക്കിയിട്ടുണ്ട് "ടിക്കറ്റ് എടുക്കാതെ വന്നോളും...ഇത് റിസർവ് ചെയ്ത കൂപ്പയാണ് ഹേ.. "
എന്ന മട്ടിൽ.

എന്നാൽ  ഇന്നെനിക്ക് വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് പോലും കിട്ടിയില്ല എന്നതാണ് സത്യം. ഓപ്പൺ ടിക്കറ്റ് എടുത്താണ് (ഓപ്പൺ ടിക്കറ്റ് എടുത്തു എക്സ്സ്‌പ്രെസ്സിൽ കയറിയാൽ സ്‌ക്വാഡ് പിടിച്ചു ഫൈൻ ചെയ്യും) യാത്ര. വണ്ടിയുടെ മുന്നിലും പിന്നിലുമായി ഓരോ കൂപ്പ കാണും SLR(Seating cum Luggage Rake) എന്നെഴുതിയിട്ടുണ്ടാകും. അതിൽ കയറിയാൽ പൊതുവെ പരിശോധകരുടെ ശല്യം കുറയും.

ടിക്കറ്റ് റിസർവ് ചെയ്യാത്തവർ ഇവിടെ പരസ്‌പര ബഹുമാനത്തോടെ യാത്ര ചെയ്യും എന്നതാണ് ഇവിടുത്തെ പ്രത്യേകത. കാരണം ഇവിടെ ആരും വലിയവനല്ല. ടിക്കറ്റ് കയ്യിലുണ്ട് എന്ന ഗമയൊട്ടുമില്ല; എല്ലാവരും കള്ളന്മാരാണ്. സാഹചര്യം കൊണ്ട് കള്ളൻമ്മാരായവർ. ടിക്കറ്റ് പരിശോധകൻ വരാനും സാധ്യത കുറവാണ്, അയാൾ ഫൈൻ അടിച്ചു മടുക്കും.

അങ്ങോട്ടും ഇങ്ങോട്ടും കുശലം പറഞ്ഞുള്ള ഒറ്റക്കാലിൽ നിന്നുള്ള യാത്ര. അൽപ്പ നേരം ചുമര് ചാരി നിന്നവർ അടുത്തുള്ളവനോട് "ചേട്ടാ കുറച്ചു ചാരുന്നോ..." എന്നൊക്കെ ചോദിക്കും.

മറ്റ് കൂപ്പകളിൽ ടിക്കറ്റ് പരിശോധകൻ ടിക്കറ്റ് ചോദിച്ചാൽ ഇളിഭ്യനായി ഫൈൻ അടക്കുന്നവർ പോലും SLR ൽ ധൈര്യത്തോടെയാണ് ഇരിക്കാറ്, കാരണം ഇവർ ആരുടെ മുൻപിൽ നാണം കെടാനാണ്.. കൂപ്പ നിറച്ചും shame less fellows ആണ്.

ജീവിതത്തിലും ഇത് പോലെ SLR കൂപ്പയിലെ യാത്രയാണ് നല്ലത്. സകല ജാടകളും കളഞ്ഞുള്ള യാത്ര. ആര് എന്ത് കരുതും എന്ന് ചിന്തിക്കാതെയുള്ള ഒരു ജനറൽ ക്ലാസ്സ് യാത്ര. :)

Sunday, August 7, 2016

ഭൂതം ഭാവി

ഒരു സുഹൃത്തിന്റെ കൂടെ അവൻ നിർബന്ധിച്ചിട്ടു  ലക്ഷണം നോക്കി ഭാവി പറയുന്ന വിദ്വാന്റെ അടുത്ത് പോയി. അവന്റ ഭാവി കോഞ്ഞാട്ടയാണ് എന്ന് പറഞ്ഞതിന് ശേഷം അയാൾ എന്റെ നേരെ തിരിഞ്ഞു...

"നമ്മൾ എവിടെയോ വച്ച് മുൻപ് കണ്ടിട്ടുണ്ടല്ലോ...എന്താ പ്രശ്നം?"

ഞാൻ: "ഞാൻ ഇവന്റെ കൂടെ വന്നതാണ്, എനിക്ക് ലക്ഷണം നോക്കി ഭാവി അറിയാൻ താൽപ്പര്യമില്ല"

വിദ്വാൻ: "ഉള്ളിൽ പ്രശ്നങ്ങൾ ഉണ്ടല്ലോ"

ഞാൻ: "പ്രശ്നങ്ങൾ ഇല്ലാത്തവരുണ്ടോ? നിങ്ങൾക്ക് പ്രശ്നം ഒന്നുമില്ലേ?"

വിദ്വാൻ: "പരീക്ഷണം വേണ്ട, നീ എന്റെ അടുത്തു വീണ്ടും വരും"

ഞാൻ: "വരുന്നതിനു ഒരു കുഴപ്പവുമില്ല, പക്ഷെ എന്റെ ഭാവി എന്റെ ചിന്തകളെ ആശ്രയിച്ചാണ്"

വിദ്വാൻ: "നമ്മൾ എന്നാലും എവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോ..."

ഞാൻ: "നിങ്ങൾ ഫേസ്ബുക്കിലുണ്ടോ?"

Wednesday, August 3, 2016

വടമാല!

ശിഷ്യൻ: സ്വാമി, ഹനുമാന് വട മാലയാണല്ലോ പ്രിയം.

സ്വാമി: ആണോ?

ശിഷ്യൻ: ഇത്‌ കുറച് ഉഴുന്നുവടയാണ് കഴിച്ചാലും.
സ്വാമി, എന്താ ഈ വടയുടെ പിറകിലെ ഐതീഹ്യം?

സ്വാമി: വാനര രൂപിയായ ഹനുമാന് പ്രിയം വടവൃക്ഷത്തിന്റെ തിരുളാണ് (പേരാലിന്റെ തിരുൾ). വടവൃക്ഷത്തിന്റെ തിരുൾ കൊണ്ടുള്ള മാലയാണ് വടമാല.

സെന്റർഫ്രഷ് ചോദിച്ച കുഞ്ഞിന് സാനിഫ്രഷ് കിട്ടിയ അവസ്ഥ. ☺