Friday, December 26, 2014

എൽ ബെസോ

എൽ ബെസോ
==============

ഒരു ശ്മശാനം.

അവിടെ നിറയെ പഴയതും, പുതിയതുമായ കല്ലറകൾ കാണാം. ചിലതിൽ വേര് പിടിമുറുക്കിയിരിക്കുന്നു. വർഷങ്ങളോളം പഴക്കമുള്ള ബന്ധമാണെന്ന കണക്കെ കല്ലറ പൊളിച്ച് അതിലെ താമസക്കാരനോട് കുശലം പറയുന്ന പോലെ.

നവംബർ ഒന്ന്, പ്രീയപ്പെട്ടവർക്കായ് ഈ ദിവസമാണ് ആളുകൾ പുഷപ്പങ്ങളും പലഹാരങ്ങളും നല്കിപോന്നത്. അവരുടെ കല്ലറയ്ക്ക് മുൻപിൽ മദ്യവും, കേയ്ക്കും മറ്റും വച്ച് നിശബ്ദതയോട് ഇരിക്കുന്ന പല പ്രായക്കാരെ കാണാം. ചിലർ കാശ് കൊടുത്തു പാട്ടുകാരെ വച്ച് മരിച്ചവരുടെ പ്രീയപ്പെട്ട പാട്ടുകൾ പാടിക്കും.

ഈ കല്ലറകൾ അവിടെ അതുപോലെ നിലനിർത്താൻ വർഷം തോറും ഒരു തുക കെട്ടിവെക്കണം. കൂടുതൽ കാശു കൊടുക്കുന്നവന് തറയിൽ മനോഹരമായ കല്ലറ പണിയാം, പാവങ്ങൾക്ക് ചുമരിൽ കള്ളികൾ തീർത്ത  കല്ലറയാണ്. അതിൽ പൂവ് അർപ്പിക്കാൻ പാവങ്ങളിൽ പാവപ്പെട്ടവനാനെങ്കിൽ ഏണി വച്ച് കയറണം.

എഡ്ഗർ റ്റൊറെസ് അവൻറെ കൊച്ചനിയനെ അടക്കിയ ചുമരിൽ അർപ്പിക്കാനായി പൂക്കളുമായി വരികയാണ്.
രണ്ടു വശത്തും മതിലുകളുള്ള ഇടുങ്ങിയ വഴി നിറയെ ആളുകളാണ്. തങ്ങളുടെ പ്രീയപ്പെട്ടവർക്ക് പുഷ്പ്പം അർപ്പിക്കാനും, പാട്ടുപാടാനുമായി വന്നവർ. ചിലർ ഏണി വച്ച് കയറുന്നതു കാണാം.

എഡ്ഗർ, പതിനഞ്ചു വയസ്സ്. അവൻറെ അനിയൻ ഓസ്ക്കാർ അഞ്ചു വയസ്സിൽ മരിച്ചതാണ്. വർഷം അഞ്ചായി. തല്ലുകൂടാറുണ്ട് രണ്ടുപേരും, അന്ന് ഓർത്തില്ല അനിയൻ പിണങ്ങി പോകുമെന്ന്. രണ്ടുദിവസമായി രാത്രി കാലങ്ങളിൽ ഓസ്ക്കാർ എഡ്ഗറിനോട് വഴക്കുകൂടാൻ വരും. ഇത്ര ഇടവേളയ്ക്കു ശേഷം രാത്രി വന്നു വഴക്ക് കൂടുന്ന അനിയനെ ഒന്ന് കാണാനാണ് ഈ വരവ്.

കഴിഞ്ഞ വർഷം വരവ് മുടങ്ങിയതാണ്. പക്ഷെ അവനു ചുമരു നന്നായി അറിയാം, പക്ഷെ കല്ലറ തുറന്നിരിക്കുന്നു. അകത്തു ഒന്നുമില്ല.

എഡ്ഗർ പള്ളി ഓഫീസിലേക്ക് പൂച്ചെണ്ടുമായി ഓടി... അവിടെ കാവൽക്കാരൻ തടഞ്ഞപ്പോൾ കാര്യം പറഞ്ഞു.
അകത്തു ഓഫീസിൽ പോയപ്പോൾ ക്ലാർക്ക് പുസ്തകം തുറന്നു പഴയ താളുകൾ മറിച്ചു നോക്കി അവനോടായി ചോദിച്ചു.

"ഒരു വർഷമായി പണം അടവ് നിന്നപ്പോൾ കഴിഞ്ഞ ആഴ്ച കല്ലറ കാലിയാക്കി" അത് പതിവാണ്.
"നിങ്ങൾക്ക് അറിയിപ്പ് തപാൽ മാർഗ്ഗം അയച്ചതാണ്..."

എഡ്ഗർ ആകെ വിഷമത്തോടെ വീട്ടിലേക്ക് പോയി. അവൻറെ അച്ഛന് ഇതിലൊന്നും തീരെ വിശ്വാസമില്ല, അയാൾ അവനെ ആശ്വസിപ്പിച്ചു.

രാത്രി അവൻ നന്നേ പേടിച്ചു. ഓസ്ക്കാർ ഇന്ന് പതിവിലും ദേഷ്യത്തോടെ വരുമോ? ഉപദ്രവിക്കുമോ എന്ന ചിന്തകൾ അവനെ അലട്ടി. പുതപ്പു തലയിട്ടു മൂടി അവൻ കിടന്നു. ലൈറ്റ് അണക്കാതെ...

കുറച്ചു കഴിഞ്ഞപ്പോൾ, ലൈറ്റ് താനെ അണഞ്ഞു...ഓസ്ക്കാർ ഇന്ന് അട്ടഹസിച്ചു കൊണ്ടാണ് വരവ്...
യക്ഷികൾ ചോര കുടിച്ചത് കേട്ടരിവുണ്ട്. ഓസ്ക്കാർ അങ്ങനെ വന്നതാണോ? എഡ്ഗർ സംശയിച്ചു പേടിച്ചു വിറച്ചു.


ഓസ്കാർ പുതപ്പിന് തൊട്ടടുത്തെത്തി...തൊട്ടു...പുതപ്പു മാറ്റി....
എഡ്ഗർ കണ്ണ്‍ മുറുക്കിപ്പിടിച്ചു കിടന്നു...ഓസ്ക്കാർ ഇത്തവണ ഒരു ചുംബനമാണ് നല്കിയത്.









Sunday, October 26, 2014

കറുപ്പൻ

കറുപ്പൻ


കറുപ്പൻ
=========
ഭിക്ഷക്കാർക്ക് പഞ്ഞമില്ലാത്ത നാട്ടിൽ ഇതിൽ നിന്നൊക്കെ വേറിട്ട്‌ നിൽക്കുന്ന ഒരാളുണ്ടായിരുന്നു, അല്ലെങ്കിൽ ഉണ്ട്.

വെള്ളിയാഴ്ച തോറും ഒരു ഭാണ്ഡക്കെട്ടുമായി കയ്യിൽ  കുറുവടിയേന്തി വരുന്ന ഒരു ഭിക്ഷക്കാരാൻ, അഥവാ ധർമ്മക്കരാൻ പേര് കറുപ്പൻ.

വെള്ളിയാഴ്ച വീട്ടിൽ ഒരാൾക്ക്‌ അരി കൂടുതലിടും കാരണം കറുപ്പൻ ഊണ് കഴിക്കാൻ വരും.

കേറിയ നെറ്റിത്തടം, താടിയുണ്ട്. അന്നത്തെ സിംബാബ്വെ ക്രിക്കറ്റ് ക്യാപ്റ്റൻ ആന്റി ഫ്ലവർ ആയിരുന്നു, ആന്റി ഫ്ലവർ കുറച്ച് കറുത്ത് താടി വച്ചാൽ കറുപ്പനായി. പേര് കറുപ്പനാണെങ്കിലും ആള് അത്ര കറുപ്പനല്ല!

ചില ആഴ്ചകളിൽ അയാൾ സേലത്ത് പോകും, വീട്ടിൽ വെക്കേഷന് പോകുന്നതാകും.

തിരിച്ചു വരുമ്പോൾ ഒരു സഞ്ചിയിൽ എന്തെങ്കിലും കൊണ്ടുവരും, അത് പതിവാണ്. തോടോടുകൂടിയ നിലക്കടല, അല്ലെങ്കിൽ ഒരു പാക്കെറ്റ് നാരങ്ങ മിഠായി. ഈ കടല പലതവണ ഞാൻ മുറ്റത്ത്‌ നട്ടുവളർത്തി വിളവെടുത്തിട്ടുണ്ട്.

നാട്ടിലെ വിശേഷങ്ങൾ എന്തൊക്കെയോ പിറുപിറുക്കും. ചെറിയ കുട്ടി വീട്ടിലുണ്ട് എന്നൊക്കെ ആംഗ്യത്തിൽ നിന്ന് മനസ്സിലാകും.

ഭക്ഷണം കഴിച്ചാൽ കറുപ്പൻ പൈസ വാങ്ങില്ല, കൈ രണ്ടും വീശി നിഷേധിച്ച് സ്വന്തം തലയ്ക്കടിച്ച് പിന്നെ കൈ കൂപ്പി അവിടുന്ന് പോകും.

ഭക്ഷണം കഴിക്കാൻ ഇലപ്പാറൽ മുറിച്ച് അടുക്കള ചേതിയിൽ ഇരിക്കും. ഭക്ഷണം ഇനി വേണോ എന്ന് ചോദിച്ചാൽ "ബതി ബതി" എന്ന് പറയും. ഭക്ഷണം കഴിഞ്ഞാൽ ഇല കളഞ്ഞ്   മുറുക്കാൻ സഞ്ചി തുറക്കും.

ഇടയ്ക്കിടെ നാട്ടിൽ പോയി കുറച്ച് താമിസിച്ച് വീണ്ടും വരും.

ഭിക്ഷക്കാരൻ തന്ന മിഠായി തിന്ന കുട്ടികൾ അയാളുടെ പിറകെ പോയതും, അയാൾ തമിഴ് നാട്ടിൽ കൊണ്ടു പോയി  കണ്ണുകുത്തി പൊട്ടിച്ചു ശബരിമലയിലോ, തിരുപ്പതിയിലോ കൊണ്ടുപോകും എന്ന വകതിരിവ് ഉണ്ടെങ്കിലും കറുപ്പൻ അത്തരക്കാരനല്ല എന്ന ഒരു വിശ്വാസത്തിൻമേലാണ് ഈ മിഠായിതീറ്റ.

ചുകപ്പും, മഞ്ഞയും, പച്ചയും നിറമുള്ള ചെറിയ മിഠായികൾ.

കടലയാണെങ്കിൽ നട്ടു വളർത്തും. അത് വളരെ വേഗം വളരും. വേരിൽ കുലകുലയായി കടല വിളയും.

ഒരിക്കൽ കറുപ്പൻ യാത്ര പറയാൻ വന്നു, പഴനിക്ക് പോകുകയാണ്. രണ്ടു മൂന്ന് മാസം കഴിഞ്ഞേ വരൂ. പഴനിക്ക് പോകുന്നവർക്ക് കാശു കൊടുക്കുന്ന പതിവുണ്ട്;  അത് അയാൾ വാങ്ങി സഞ്ചിയിലിട്ടു.

അതിനിടയിൽ പല തവണ കടല വിളഞ്ഞു, വിളവെടുത്തു.

ഒടുവിൽ നാളുകൾക്കു ശേഷം കറുപ്പൻ വന്നു. സഞ്ചിയിൽ കടലയുണ്ടാകും, അല്ലെങ്കിൽ മിഠായി.

പക്ഷെ ഇത്തവണ അമൂല്യമായ ഒരു സാദനമായിരുന്നു സാക്ഷാൽ പഴനിയാണ്ടവൻ!!! ഇന്നും പൂജാമുറിയിൽ അതുണ്ട്, ഒരു ഭിക്ഷക്കാരൻ കൊണ്ടുവന്നു തന്ന  അമൂല്യ സമ്മാനം.

പിന്നീട് ഒന്ന് രണ്ടു തവണ വന്നു, പിന്നെ നാട്ടിൽ പോകുന്നു മഴക്കാലം കഴിഞ്ഞേ തിരിച്ചു വരൂ എന്ന് പറഞ്ഞു യാത്ര പോയി. പല മഴക്കാലം വന്നു പോയി പക്ഷെ കറുപ്പൻ റിട്ടയർ ചെയ്തു കാണും.

ഇപ്പോഴും റോഡിൽ തോടുള്ള കടല വിൽക്കുന്നത് കാണുമ്പോൾ കറുപ്പനെ ഓർക്കും.

Sunday, September 21, 2014

ഐ ടി തൊഴിലാളി അവകാശങ്ങൾ, എട്ടിന നിർദേശങ്ങൾ

സി "ഐ ടി" യു - ഐ ടി തൊഴിലാളി അവകാശങ്ങൾ, എട്ടിന നിർദേശങ്ങൾ
==================================================================
1) മനസ്സിലാകാത്ത കോഡ് നോക്കിയിരിക്കുന്നതിനു പ്രത്യേക നോക്ക് കൂലി അനുവദിക്കുക.
2) സംഘടനയിലെ അങ്കങ്ങൾക്ക് തൊഴിലാളികളുടെ യുനിഫോമായ ഷർട്ടും ലുങ്കിയും ധരിക്കാൻ അനുവദിക്കുക. (കഴുത്തിൽ അണിയുന്ന ടാഗിന് പകരം തോർത്ത്‌ മുണ്ട് ആക്കുക).
3) ഹൈക് കിട്ടാത്ത അവസരത്തിൽ പ്രൊജക്റ്റ്‌ മാനേജരെ ഖരാവോ ചെയ്തു കരി ഓയിൽ ഒഴിക്കുന്നത് നിയമ പരിധിയിൽ കൊണ്ടുവരിക
4) ഉച്ചയൂണിനു ശേഷം പാർട്ടി പത്രം വായിച്ചു അരമണിക്കൂർ മയങ്ങാൻ ഷെഡ്‌ കെട്ടിതരിക
5) ചെയ്ത കോഡിലെ ബഗ്ഗ് ഫിക്സ് ചെയ്യാൻ പ്രത്യേക തുക അനുവദിക്കുക
6) പ്രായമായ തൊഴിലാളികള്ക്ക് പെൻഷൻ അനുവദിക്കുക
7) അമേരിക്ക, ബ്രിട്ടണ്‍ മുതലായ ബൂർഷ്വാ രാജ്യങ്ങളുമായുള്ള പ്രൊജക്റ്റ്‌ നിർത്തിവെക്കുക പകരം ക്യുബ, ചൈന മുതലായ രാജ്യങ്ങളിൽ നിന്ന് പ്രൊജക്റ്റ്‌ മേടിക്കാൻ സംഘടനയിലെ അംഗങ്ങളെ നേരിട്ടയക്കുക.
8) ഫയൽ അപ്‌ലോഡ്‌ ഡൌണ്‍ലോഡ് സൈസ് അനുസരിച്ച് കൂലി വർധിപ്പിക്കുക

* ഇത് ഏതെങ്കിലും തൊഴിലാളി വർഗത്തെ കളിയാക്കാൻ ഉദ്ദേശിച്ചുള്ളതല്ല, യൂണിയനുകൾ കാരണം തൊഴിൽ നഷ്ട്ടപെട്ട സംരംഭകരുടെയും തൊഴിലാളികളുടെയും മക്കൾക്കെങ്കിലും നാട്ടിൽ ജോലി കിട്ടട്ടെ എന്നാ സദ്‌ഉദ്ദേശം മാത്രമേയുള്ളൂ.

Thursday, August 14, 2014

റ്റാറ്റാ ബൈ ബൈ...

റ്റാറ്റാ ബൈ ബൈ...
=================
കള്ള് കുടിച്ച കുരങ്ങന്‍റെ വാലില്‍ തേള്‍ കുത്തിയാല്‍ എങ്ങനെയിരിക്കും എന്നൊക്കെ കേള്‍ക്കുമ്പോള്‍ രസം തോന്നിയിട്ടുണ്ട്, പക്ഷെ ഇന്നലെ ഒരു പറ്റം കുരങ്ങന്‍മാരെ തേളുകള്‍ മാറി മാറി കടിച്ചപ്പോളാണ് അവസ്ഥ എത്രത്തോളം ഗുരുതരമാണെന്ന് മനസ്സിലായത്‌.

നാട്ടില്‍ അവധിക്കാലം ചിലവിട്ടു മടങ്ങുകയാണ് ചേച്ചിയും ഫാമിലിയും.
വലിയ വാഹനത്തില്‍ പെട്ടികളും കുട്ടികളും ഒക്കെയുണ്ട്. ഞാനും അച്ഛനും യാത്ര അയയ്പ്പിനായി കൂടെ പോകുന്ന പതിവുണ്ട്. ദൂരെ ലഗ്ഗേജ് ചെക്ക്-ഇൻ ചെയ്യുന്നതുവരെ  ചില്ലുകൾക്കിപ്പുറത്തുനിന്ന്  പ്രവാസികളെ കൈവീശിക്കാണിക്കുന്ന ഉപചാരം ഞങ്ങൾ അനുവർത്തിച്ചു പോന്നിരുന്നു.

പതിവ് യാത്ര പോലെ വൈകുന്നേരം വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അച്ഛന്‍ ചോദിച്ചു "ടിക്കറ്റ്‌ ഒക്കെ നല്ലോണം നോക്കിയില്ലേ...?? ഒമ്പത് മണിക്കല്ലേ ഫ്ലൈറ്റ്?എന്നാല്‍ ഇനി താമസിക്കേണ്ട .."
എമിരേറ്റ്സ് വിമാനം ആണ്, നല്ല സൗകര്യം ഉള്ള ഫ്ലൈറ്റ്. ഭക്ഷണമൊക്കെ സുലഭമാണ്.

ഒരു എസ് യു വി പിടിച്ച് ഞങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. വണ്ടി കുറച്ചു നീങ്ങിയപ്പോഴേക്ക് നില ചക്രം കത്തിതീർന്ന പോലെ അവിടെ പണിമുടക്കി! വണ്ടി പഞ്ചറായി, ഞങ്ങൾ ബേജാറായി!!

"എയർ പോർട്ടിൽ സമയത്ത് എത്തുമോ...?"
"മൂന്ന് മണിക്കൂർ മുൻപ് റിപ്പോർട്ട്‌ ചെയ്യണം..."
"വേണ്ട, ഞാൻ ഓണ്‍ലൈൻ ചെക്കിൻ ചെയ്തതാ.."

എന്നിങ്ങനെ ആരൊക്കെയോ പറയുന്നുണ്ട്...

അരമണിക്കൂറിനു ശേഷം വേറൊരു വണ്ടി വന്നു , ഞങ്ങള്‍ കൂട് വിട്ടു കൂട് മാറി യാത്ര തുടര്‍ന്നു...
എല്ലിനു തേയ്മാനം സംഭവിച്ച ഒരു പഴയ റ്റാറ്റാ സുമോ ആണ്, മുന്നില്‍ ഡ്രൈവറും , അച്ഛനും, അതിനു പിറകില്‍ ചേച്ചി-ഭര്‍ത്താവ്-കുട്ടികള്‍, പിറകില്‍ പെട്ടികള്‍ക്കിടയില്‍ തലമാത്രം പുറത്തു കാണിച്ചു ഞാനും.

ഇടയ്ക്കിടെ ബിസ്കറ്റ്‌ പായ്ക്കറ്റ്‌ പൊളിക്കും തിന്നും ...കുറച്ചു കഴിഞ്ഞപ്പോള്‍ കുട്ടി ശർദ്ദിച്ചു. ബിസ്ക്കറ്റ് തിന്നു തിന്നു അകത്തു സ്ഥലം ഇല്ലാത്തത് കൊണ്ട് ബൌണ്‍സ് ബാക്ക് ആയി മടങ്ങി വന്ന ക്രീം ബിസ്ക്കറ്റും കിന്റ്റർ ജോയുമാണ് അവളുടെ കുപ്പായം മുഴുവൻ...  വണ്ടി വീണ്ടും നിര്‍ത്തി ഡ്രസ്സ്‌ മാറ്റി.

വീണ്ടും യാത്ര തുടർന്നു...

കോഴിക്കോട് എത്തി, വല്ലതും കഴിക്കുന്നോ എന്ന് അച്ഛന്‍ മുന്നില്‍ ഇരുന്നു ചോദിക്കുന്നത് ഞാന്‍ പിറകില്‍ പെട്ടികള്‍ക്കിടയില്‍ നിന്ന് കേട്ടു.

"ആ ..ശരി കഴിക്കാം" എന്ന് പറയാന്‍ വായ ഓങ്ങിയപ്പോളെക്കും ആരോ പറഞ്ഞു "വേണ്ട എമിരേറ്റ്സ് ഫ്ലൈറ്റ് ആണ്, വയറു നിറച്ചു ഭക്ഷണം കിട്ടും".

ഇത് കേട്ട ഞാൻ പെട്ടികൾക്കടിയിലേക്ക് ആമ തോടിലേക്കെന്നോണം ഉൾവലിഞ്ഞു.

വണ്ടി കുതിച്ചു പാഞ്ഞു ... എയർ പോർട്ടിലെത്തി!!!

വണ്ടി ആമ വേഗത്തില്‍ പാര്‍ക്ക്‌ ചെയ്യാന്‍ പോകുമ്പോള്‍ അച്ഛന്‍ പറഞ്ഞു "ആ ബിസ്ക്കറ്റ് ഒക്കെ കയ്യില്‍ എടുത്തോ , കുട്ടികള്‍ക്ക് തിന്നാമല്ലോ, ഇനി ഇവിടെ ആരാ ഇതൊക്കെ കഴിക്കുക "!

അപ്പോള്‍ ചേച്ചി മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു "ഏയ്‌ ..ബിസ്ക്കറ്റോ ...വേണ്ട ..അവിടെ ഫ്ലൈറ്റില്‍ ഇഷ്ട്ടം പോലെ കിട്ടും".

ആ ബിസ്ക്കറ്റ് പാക്ക് സീറ്റി നടിയിലെവിടെയോ പോയി.

(തിരിച്ചു പോകുമ്പോൾ തിന്നാനായി ഞാൻ സൂക്ഷിച്ച സാദനം തിരിച്ചു കിട്ടിയ ആത്മ സംതൃപ്തി എന്നിൽ പ്രകടമായി)

ഇനിയാണ് ക്ലൈമാക്സ്‌:

ട്രോളിയില്‍ ബാഗ്‌ എടുത്തു ഡ്രൈവിംഗ് അറിയാത്തവന്‍ കാര്‍ ഓടിക്കുന്നത് പോലെ ഞാന്‍ ഗേറ്റ് വരെ പോയി.
എയര്‍പോര്‍ട്ടില്‍ തീരെ ആളില്ല , ഉള്ള രണ്ടു മൂന്ന് പേര്‍ ഞങ്ങളെ നോക്കുന്നുണ്ട്.

"എന്നാല്‍ ഓക്കേ !" , കുട്ടികള്‍ക്ക് ഉമ്മ,ടാറ്റാ, ഒക്കെ കൊടുത്തു.

"ചെക്കിൻ കഴിഞ്ഞു വിളിക്കണേ .." അച്ഛന്‍ വിളിച്ചു പറഞ്ഞു. (ലഗ്ഗെജിനു തൂക്കം കൂടിയാൽ പുറം തള്ളുന്ന സാധനങ്ങൾ പെറുക്കി വീട്ടിൽ കൊണ്ട് പോയി കൊറിക്കുന്ന പതിവുണ്ട്.)

അവര്‍ ട്രോളി ഉരുട്ടി പോയി. കാവല്‍ക്കാരന്‍ എന്തോ ചോദിക്കുന്നത് ഞങ്ങള്‍ ദൂരെനിന്ന് നോക്കി മനസ്സിലാക്കി. അയാള്‍ ആദ്യം ബഹുമാന പുരസ്സരം ടിക്കറ്റ്‌ നോക്കുന്നുണ്ട്, മെല്ലെ മെല്ലെ അയാളുടെ മുഖത്ത് സഹതാപം നിഴലിച്ചു. പോയവര്‍ തിരിച്ചു വരുന്നുണ്ട്...അടുത്ത് വന്നപ്പോള്‍ കാര്യം തിരക്കി

. "എന്താ ...തിരിച്ചു വന്നത്?"

"ഫ്ലൈറ്റ് ഒമ്പത് മണിക്കാണ്".

അപ്പോള്‍ അച്ഛന്‍ ചോദിച്ചു - "അതെ, എഴരയല്ലേ ആയുള്ളൂ.. എന്താ മടങ്ങിവന്നത്?"

മറുപടി "അതെ, ഒമ്പത് മണി തന്നെ, പക്ഷെ 9 pm അല്ല 9am ആണ് ".

എന്‍റെ ചെവിയില്‍ ചില സംഭാഷണങ്ങള്‍ കടന്നു വന്നു

 "ചെക്ക് ഇൻ കഴിഞ്ഞു വിളിക്കണേ..."
ചില രംഗങ്ങള്‍ മിന്നി മാഞ്ഞു- റ്റാറ്റാ സുമോയില്‍ നിന്ന് ഇറങ്ങിയതും, റ്റാറ്റാ പറഞ്ഞതും, ഉമ്മ കൊടുത്തതും ....കുറച്ചു മുന്‍പ് ഉമ്മ കൊടുത്ത കുട്ടി എന്‍റെ ഒക്കത്തിരുന്നു കൊണ്ട് ഒരു ഷോപ്പ് കാണിച്ചു പറഞ്ഞു:
"മാമാ ബിസ്ക്കറ്റ് ".

നേരത്തെ പുച്ഛിച്ചു സീറ്റിനടിയില്‍ തള്ളിയ ബിസ്ക്കറ്റ് തിരയാന്‍ തുടങ്ങി, എന്നിട്ടും ബിസ്ക്കറ്റ് കിട്ടിയില്ല. ഞാന്‍ ഡ്രൈവറോട് ചോദിച്ചു:

"ചേട്ടാ ടോര്‍ച്ച്‌ ഉണ്ടോ?"


Friday, August 8, 2014

ലോകത്ത് എവിടെ ചെന്നാലും കാണും ഒരു മലയാളി!
===============================================

ഇവിടെ വന്ന നാൾ മുതൽക്കേ ഉള്ള ഒരു ആഗ്രഹമായിരുന്നു മായൻ സംസ്ക്കാരത്തിന്റെ അവശേഷിപ്പ് കാണണം എന്നത്. കൂടെ വരാൻ ആരുമില്ല, സീസണ്‍ കഴിയട്ടെ എന്ന് സഹപ്രവർത്തകർ. ഇപ്പോൾ പോയില്ലെങ്കിൽ പിന്നെ നടക്കില്ല എന്നും പറഞ്ഞ്, ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചു.

ആഫ്രിക്കൻ വനാന്തരങ്ങളിൽ എസ് കെ പൊറ്റക്കാട് ഒരു മലയാളിയെ കണ്ടതായി കേട്ടിട്ടുണ്ട്. ഞാൻ പോകുന്നിടത്ത് ഒരു മലയാളിയെ കാണുമോ? ചിലപ്പോ കാണുമായിരിക്കും. 
പോയ സ്ഥലങ്ങളിലൊക്കെ അന്തരീക്ഷത്തിൽ സ്പാനിഷ് മാത്രം, ഇടയ്ക്ക് പുട്ടിൽ തേങ്ങയെന്നോണം ഇംഗ്ലീഷ്. 

അങ്ങനെ തുളും റൂയിൻസ് കാണാൻ ബസിൽ കയറിയപ്പോൾ ഒരു ഇന്ത്യൻ ഫാമിലി, കട്ട ഷോ! മലയാളികളല്ല, തെലുങ്ക് സിനിമയിലെ വില്ലന്റെ മുഖം. ബസ്‌ ഇറങ്ങിയതിൽ പിന്നെ അവരെ കണ്ടില്ല.

എന്നെ കണ്ട വഴി കച്ചവടക്കാർ "നമസ്തേ" പറയുന്നുണ്ട്. എന്നെകൊണ്ട്‌ എന്തോ വാങ്ങിപ്പിക്കാനുള്ള തന്ത്രം, ഏതായാലും എന്നെ കണ്ടപ്പോൾ ഇന്ത്യക്കാരൻ ആണെന്ന് അവർക്ക് മനസ്സിലാകുന്നുണ്ട്. ബസ്സിൽ കണ്ട ഇന്ത്യക്കാർക്ക് മനസ്സിലായില്ലെങ്കിലും.

ചിലയിടങ്ങളിൽ ഇന്ത്യൻ മുഖങ്ങൾ പോലെ തോന്നും, പക്ഷെ വായിൽ സ്പാനിഷ് തന്നെ. 

അങ്ങനെ നടന്നു നടന്നു റൂയിൻസ് കണ്ടു കറങ്ങി നടക്കുമ്പോൾ പെട്ടെന്ന് ഒരു പരിചയമുള്ള ഭാഷ. ഒരു  വൃദ്ധയായ അമ്മയും അവരുടെ മകളും. ഞാൻ പറഞ്ഞു:  "Hey good to see Indians here"

അവർ പറഞ്ഞു "We are from Tamil Nadu"

നാടോടിക്കാറ്റിൽ മോഹൻലാലും ശ്രീനിവാസനും പോലീസ് സ്റ്റേഷനിൽ ഗാന്ധിജിയുടെ ഫോട്ടോ കണ്ട ഭാവമായിരുന്നു എനിക്കും അവർക്കും. മലയാളിയെ കാണാൻ കഴിഞ്ഞില്ലെങ്കിലും തമിഴരെ കണ്ടു.

ചിലപ്പോൾ ഞാനായിരിക്കും ആ മലയാളി. തമിഴർ യൂകാറ്റനിൽ കണ്ട ആ മലയാളി.