Friday, August 8, 2014

ലോകത്ത് എവിടെ ചെന്നാലും കാണും ഒരു മലയാളി!
===============================================

ഇവിടെ വന്ന നാൾ മുതൽക്കേ ഉള്ള ഒരു ആഗ്രഹമായിരുന്നു മായൻ സംസ്ക്കാരത്തിന്റെ അവശേഷിപ്പ് കാണണം എന്നത്. കൂടെ വരാൻ ആരുമില്ല, സീസണ്‍ കഴിയട്ടെ എന്ന് സഹപ്രവർത്തകർ. ഇപ്പോൾ പോയില്ലെങ്കിൽ പിന്നെ നടക്കില്ല എന്നും പറഞ്ഞ്, ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചു.

ആഫ്രിക്കൻ വനാന്തരങ്ങളിൽ എസ് കെ പൊറ്റക്കാട് ഒരു മലയാളിയെ കണ്ടതായി കേട്ടിട്ടുണ്ട്. ഞാൻ പോകുന്നിടത്ത് ഒരു മലയാളിയെ കാണുമോ? ചിലപ്പോ കാണുമായിരിക്കും. 
പോയ സ്ഥലങ്ങളിലൊക്കെ അന്തരീക്ഷത്തിൽ സ്പാനിഷ് മാത്രം, ഇടയ്ക്ക് പുട്ടിൽ തേങ്ങയെന്നോണം ഇംഗ്ലീഷ്. 

അങ്ങനെ തുളും റൂയിൻസ് കാണാൻ ബസിൽ കയറിയപ്പോൾ ഒരു ഇന്ത്യൻ ഫാമിലി, കട്ട ഷോ! മലയാളികളല്ല, തെലുങ്ക് സിനിമയിലെ വില്ലന്റെ മുഖം. ബസ്‌ ഇറങ്ങിയതിൽ പിന്നെ അവരെ കണ്ടില്ല.

എന്നെ കണ്ട വഴി കച്ചവടക്കാർ "നമസ്തേ" പറയുന്നുണ്ട്. എന്നെകൊണ്ട്‌ എന്തോ വാങ്ങിപ്പിക്കാനുള്ള തന്ത്രം, ഏതായാലും എന്നെ കണ്ടപ്പോൾ ഇന്ത്യക്കാരൻ ആണെന്ന് അവർക്ക് മനസ്സിലാകുന്നുണ്ട്. ബസ്സിൽ കണ്ട ഇന്ത്യക്കാർക്ക് മനസ്സിലായില്ലെങ്കിലും.

ചിലയിടങ്ങളിൽ ഇന്ത്യൻ മുഖങ്ങൾ പോലെ തോന്നും, പക്ഷെ വായിൽ സ്പാനിഷ് തന്നെ. 

അങ്ങനെ നടന്നു നടന്നു റൂയിൻസ് കണ്ടു കറങ്ങി നടക്കുമ്പോൾ പെട്ടെന്ന് ഒരു പരിചയമുള്ള ഭാഷ. ഒരു  വൃദ്ധയായ അമ്മയും അവരുടെ മകളും. ഞാൻ പറഞ്ഞു:  "Hey good to see Indians here"

അവർ പറഞ്ഞു "We are from Tamil Nadu"

നാടോടിക്കാറ്റിൽ മോഹൻലാലും ശ്രീനിവാസനും പോലീസ് സ്റ്റേഷനിൽ ഗാന്ധിജിയുടെ ഫോട്ടോ കണ്ട ഭാവമായിരുന്നു എനിക്കും അവർക്കും. മലയാളിയെ കാണാൻ കഴിഞ്ഞില്ലെങ്കിലും തമിഴരെ കണ്ടു.

ചിലപ്പോൾ ഞാനായിരിക്കും ആ മലയാളി. തമിഴർ യൂകാറ്റനിൽ കണ്ട ആ മലയാളി.

0 comments:

Post a Comment