Friday, December 26, 2014

എൽ ബെസോ

എൽ ബെസോ
==============

ഒരു ശ്മശാനം.

അവിടെ നിറയെ പഴയതും, പുതിയതുമായ കല്ലറകൾ കാണാം. ചിലതിൽ വേര് പിടിമുറുക്കിയിരിക്കുന്നു. വർഷങ്ങളോളം പഴക്കമുള്ള ബന്ധമാണെന്ന കണക്കെ കല്ലറ പൊളിച്ച് അതിലെ താമസക്കാരനോട് കുശലം പറയുന്ന പോലെ.

നവംബർ ഒന്ന്, പ്രീയപ്പെട്ടവർക്കായ് ഈ ദിവസമാണ് ആളുകൾ പുഷപ്പങ്ങളും പലഹാരങ്ങളും നല്കിപോന്നത്. അവരുടെ കല്ലറയ്ക്ക് മുൻപിൽ മദ്യവും, കേയ്ക്കും മറ്റും വച്ച് നിശബ്ദതയോട് ഇരിക്കുന്ന പല പ്രായക്കാരെ കാണാം. ചിലർ കാശ് കൊടുത്തു പാട്ടുകാരെ വച്ച് മരിച്ചവരുടെ പ്രീയപ്പെട്ട പാട്ടുകൾ പാടിക്കും.

ഈ കല്ലറകൾ അവിടെ അതുപോലെ നിലനിർത്താൻ വർഷം തോറും ഒരു തുക കെട്ടിവെക്കണം. കൂടുതൽ കാശു കൊടുക്കുന്നവന് തറയിൽ മനോഹരമായ കല്ലറ പണിയാം, പാവങ്ങൾക്ക് ചുമരിൽ കള്ളികൾ തീർത്ത  കല്ലറയാണ്. അതിൽ പൂവ് അർപ്പിക്കാൻ പാവങ്ങളിൽ പാവപ്പെട്ടവനാനെങ്കിൽ ഏണി വച്ച് കയറണം.

എഡ്ഗർ റ്റൊറെസ് അവൻറെ കൊച്ചനിയനെ അടക്കിയ ചുമരിൽ അർപ്പിക്കാനായി പൂക്കളുമായി വരികയാണ്.
രണ്ടു വശത്തും മതിലുകളുള്ള ഇടുങ്ങിയ വഴി നിറയെ ആളുകളാണ്. തങ്ങളുടെ പ്രീയപ്പെട്ടവർക്ക് പുഷ്പ്പം അർപ്പിക്കാനും, പാട്ടുപാടാനുമായി വന്നവർ. ചിലർ ഏണി വച്ച് കയറുന്നതു കാണാം.

എഡ്ഗർ, പതിനഞ്ചു വയസ്സ്. അവൻറെ അനിയൻ ഓസ്ക്കാർ അഞ്ചു വയസ്സിൽ മരിച്ചതാണ്. വർഷം അഞ്ചായി. തല്ലുകൂടാറുണ്ട് രണ്ടുപേരും, അന്ന് ഓർത്തില്ല അനിയൻ പിണങ്ങി പോകുമെന്ന്. രണ്ടുദിവസമായി രാത്രി കാലങ്ങളിൽ ഓസ്ക്കാർ എഡ്ഗറിനോട് വഴക്കുകൂടാൻ വരും. ഇത്ര ഇടവേളയ്ക്കു ശേഷം രാത്രി വന്നു വഴക്ക് കൂടുന്ന അനിയനെ ഒന്ന് കാണാനാണ് ഈ വരവ്.

കഴിഞ്ഞ വർഷം വരവ് മുടങ്ങിയതാണ്. പക്ഷെ അവനു ചുമരു നന്നായി അറിയാം, പക്ഷെ കല്ലറ തുറന്നിരിക്കുന്നു. അകത്തു ഒന്നുമില്ല.

എഡ്ഗർ പള്ളി ഓഫീസിലേക്ക് പൂച്ചെണ്ടുമായി ഓടി... അവിടെ കാവൽക്കാരൻ തടഞ്ഞപ്പോൾ കാര്യം പറഞ്ഞു.
അകത്തു ഓഫീസിൽ പോയപ്പോൾ ക്ലാർക്ക് പുസ്തകം തുറന്നു പഴയ താളുകൾ മറിച്ചു നോക്കി അവനോടായി ചോദിച്ചു.

"ഒരു വർഷമായി പണം അടവ് നിന്നപ്പോൾ കഴിഞ്ഞ ആഴ്ച കല്ലറ കാലിയാക്കി" അത് പതിവാണ്.
"നിങ്ങൾക്ക് അറിയിപ്പ് തപാൽ മാർഗ്ഗം അയച്ചതാണ്..."

എഡ്ഗർ ആകെ വിഷമത്തോടെ വീട്ടിലേക്ക് പോയി. അവൻറെ അച്ഛന് ഇതിലൊന്നും തീരെ വിശ്വാസമില്ല, അയാൾ അവനെ ആശ്വസിപ്പിച്ചു.

രാത്രി അവൻ നന്നേ പേടിച്ചു. ഓസ്ക്കാർ ഇന്ന് പതിവിലും ദേഷ്യത്തോടെ വരുമോ? ഉപദ്രവിക്കുമോ എന്ന ചിന്തകൾ അവനെ അലട്ടി. പുതപ്പു തലയിട്ടു മൂടി അവൻ കിടന്നു. ലൈറ്റ് അണക്കാതെ...

കുറച്ചു കഴിഞ്ഞപ്പോൾ, ലൈറ്റ് താനെ അണഞ്ഞു...ഓസ്ക്കാർ ഇന്ന് അട്ടഹസിച്ചു കൊണ്ടാണ് വരവ്...
യക്ഷികൾ ചോര കുടിച്ചത് കേട്ടരിവുണ്ട്. ഓസ്ക്കാർ അങ്ങനെ വന്നതാണോ? എഡ്ഗർ സംശയിച്ചു പേടിച്ചു വിറച്ചു.


ഓസ്കാർ പുതപ്പിന് തൊട്ടടുത്തെത്തി...തൊട്ടു...പുതപ്പു മാറ്റി....
എഡ്ഗർ കണ്ണ്‍ മുറുക്കിപ്പിടിച്ചു കിടന്നു...ഓസ്ക്കാർ ഇത്തവണ ഒരു ചുംബനമാണ് നല്കിയത്.









0 comments:

Post a Comment