Thursday, August 14, 2014

റ്റാറ്റാ ബൈ ബൈ...

റ്റാറ്റാ ബൈ ബൈ...
=================
കള്ള് കുടിച്ച കുരങ്ങന്‍റെ വാലില്‍ തേള്‍ കുത്തിയാല്‍ എങ്ങനെയിരിക്കും എന്നൊക്കെ കേള്‍ക്കുമ്പോള്‍ രസം തോന്നിയിട്ടുണ്ട്, പക്ഷെ ഇന്നലെ ഒരു പറ്റം കുരങ്ങന്‍മാരെ തേളുകള്‍ മാറി മാറി കടിച്ചപ്പോളാണ് അവസ്ഥ എത്രത്തോളം ഗുരുതരമാണെന്ന് മനസ്സിലായത്‌.

നാട്ടില്‍ അവധിക്കാലം ചിലവിട്ടു മടങ്ങുകയാണ് ചേച്ചിയും ഫാമിലിയും.
വലിയ വാഹനത്തില്‍ പെട്ടികളും കുട്ടികളും ഒക്കെയുണ്ട്. ഞാനും അച്ഛനും യാത്ര അയയ്പ്പിനായി കൂടെ പോകുന്ന പതിവുണ്ട്. ദൂരെ ലഗ്ഗേജ് ചെക്ക്-ഇൻ ചെയ്യുന്നതുവരെ  ചില്ലുകൾക്കിപ്പുറത്തുനിന്ന്  പ്രവാസികളെ കൈവീശിക്കാണിക്കുന്ന ഉപചാരം ഞങ്ങൾ അനുവർത്തിച്ചു പോന്നിരുന്നു.

പതിവ് യാത്ര പോലെ വൈകുന്നേരം വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അച്ഛന്‍ ചോദിച്ചു "ടിക്കറ്റ്‌ ഒക്കെ നല്ലോണം നോക്കിയില്ലേ...?? ഒമ്പത് മണിക്കല്ലേ ഫ്ലൈറ്റ്?എന്നാല്‍ ഇനി താമസിക്കേണ്ട .."
എമിരേറ്റ്സ് വിമാനം ആണ്, നല്ല സൗകര്യം ഉള്ള ഫ്ലൈറ്റ്. ഭക്ഷണമൊക്കെ സുലഭമാണ്.

ഒരു എസ് യു വി പിടിച്ച് ഞങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. വണ്ടി കുറച്ചു നീങ്ങിയപ്പോഴേക്ക് നില ചക്രം കത്തിതീർന്ന പോലെ അവിടെ പണിമുടക്കി! വണ്ടി പഞ്ചറായി, ഞങ്ങൾ ബേജാറായി!!

"എയർ പോർട്ടിൽ സമയത്ത് എത്തുമോ...?"
"മൂന്ന് മണിക്കൂർ മുൻപ് റിപ്പോർട്ട്‌ ചെയ്യണം..."
"വേണ്ട, ഞാൻ ഓണ്‍ലൈൻ ചെക്കിൻ ചെയ്തതാ.."

എന്നിങ്ങനെ ആരൊക്കെയോ പറയുന്നുണ്ട്...

അരമണിക്കൂറിനു ശേഷം വേറൊരു വണ്ടി വന്നു , ഞങ്ങള്‍ കൂട് വിട്ടു കൂട് മാറി യാത്ര തുടര്‍ന്നു...
എല്ലിനു തേയ്മാനം സംഭവിച്ച ഒരു പഴയ റ്റാറ്റാ സുമോ ആണ്, മുന്നില്‍ ഡ്രൈവറും , അച്ഛനും, അതിനു പിറകില്‍ ചേച്ചി-ഭര്‍ത്താവ്-കുട്ടികള്‍, പിറകില്‍ പെട്ടികള്‍ക്കിടയില്‍ തലമാത്രം പുറത്തു കാണിച്ചു ഞാനും.

ഇടയ്ക്കിടെ ബിസ്കറ്റ്‌ പായ്ക്കറ്റ്‌ പൊളിക്കും തിന്നും ...കുറച്ചു കഴിഞ്ഞപ്പോള്‍ കുട്ടി ശർദ്ദിച്ചു. ബിസ്ക്കറ്റ് തിന്നു തിന്നു അകത്തു സ്ഥലം ഇല്ലാത്തത് കൊണ്ട് ബൌണ്‍സ് ബാക്ക് ആയി മടങ്ങി വന്ന ക്രീം ബിസ്ക്കറ്റും കിന്റ്റർ ജോയുമാണ് അവളുടെ കുപ്പായം മുഴുവൻ...  വണ്ടി വീണ്ടും നിര്‍ത്തി ഡ്രസ്സ്‌ മാറ്റി.

വീണ്ടും യാത്ര തുടർന്നു...

കോഴിക്കോട് എത്തി, വല്ലതും കഴിക്കുന്നോ എന്ന് അച്ഛന്‍ മുന്നില്‍ ഇരുന്നു ചോദിക്കുന്നത് ഞാന്‍ പിറകില്‍ പെട്ടികള്‍ക്കിടയില്‍ നിന്ന് കേട്ടു.

"ആ ..ശരി കഴിക്കാം" എന്ന് പറയാന്‍ വായ ഓങ്ങിയപ്പോളെക്കും ആരോ പറഞ്ഞു "വേണ്ട എമിരേറ്റ്സ് ഫ്ലൈറ്റ് ആണ്, വയറു നിറച്ചു ഭക്ഷണം കിട്ടും".

ഇത് കേട്ട ഞാൻ പെട്ടികൾക്കടിയിലേക്ക് ആമ തോടിലേക്കെന്നോണം ഉൾവലിഞ്ഞു.

വണ്ടി കുതിച്ചു പാഞ്ഞു ... എയർ പോർട്ടിലെത്തി!!!

വണ്ടി ആമ വേഗത്തില്‍ പാര്‍ക്ക്‌ ചെയ്യാന്‍ പോകുമ്പോള്‍ അച്ഛന്‍ പറഞ്ഞു "ആ ബിസ്ക്കറ്റ് ഒക്കെ കയ്യില്‍ എടുത്തോ , കുട്ടികള്‍ക്ക് തിന്നാമല്ലോ, ഇനി ഇവിടെ ആരാ ഇതൊക്കെ കഴിക്കുക "!

അപ്പോള്‍ ചേച്ചി മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു "ഏയ്‌ ..ബിസ്ക്കറ്റോ ...വേണ്ട ..അവിടെ ഫ്ലൈറ്റില്‍ ഇഷ്ട്ടം പോലെ കിട്ടും".

ആ ബിസ്ക്കറ്റ് പാക്ക് സീറ്റി നടിയിലെവിടെയോ പോയി.

(തിരിച്ചു പോകുമ്പോൾ തിന്നാനായി ഞാൻ സൂക്ഷിച്ച സാദനം തിരിച്ചു കിട്ടിയ ആത്മ സംതൃപ്തി എന്നിൽ പ്രകടമായി)

ഇനിയാണ് ക്ലൈമാക്സ്‌:

ട്രോളിയില്‍ ബാഗ്‌ എടുത്തു ഡ്രൈവിംഗ് അറിയാത്തവന്‍ കാര്‍ ഓടിക്കുന്നത് പോലെ ഞാന്‍ ഗേറ്റ് വരെ പോയി.
എയര്‍പോര്‍ട്ടില്‍ തീരെ ആളില്ല , ഉള്ള രണ്ടു മൂന്ന് പേര്‍ ഞങ്ങളെ നോക്കുന്നുണ്ട്.

"എന്നാല്‍ ഓക്കേ !" , കുട്ടികള്‍ക്ക് ഉമ്മ,ടാറ്റാ, ഒക്കെ കൊടുത്തു.

"ചെക്കിൻ കഴിഞ്ഞു വിളിക്കണേ .." അച്ഛന്‍ വിളിച്ചു പറഞ്ഞു. (ലഗ്ഗെജിനു തൂക്കം കൂടിയാൽ പുറം തള്ളുന്ന സാധനങ്ങൾ പെറുക്കി വീട്ടിൽ കൊണ്ട് പോയി കൊറിക്കുന്ന പതിവുണ്ട്.)

അവര്‍ ട്രോളി ഉരുട്ടി പോയി. കാവല്‍ക്കാരന്‍ എന്തോ ചോദിക്കുന്നത് ഞങ്ങള്‍ ദൂരെനിന്ന് നോക്കി മനസ്സിലാക്കി. അയാള്‍ ആദ്യം ബഹുമാന പുരസ്സരം ടിക്കറ്റ്‌ നോക്കുന്നുണ്ട്, മെല്ലെ മെല്ലെ അയാളുടെ മുഖത്ത് സഹതാപം നിഴലിച്ചു. പോയവര്‍ തിരിച്ചു വരുന്നുണ്ട്...അടുത്ത് വന്നപ്പോള്‍ കാര്യം തിരക്കി

. "എന്താ ...തിരിച്ചു വന്നത്?"

"ഫ്ലൈറ്റ് ഒമ്പത് മണിക്കാണ്".

അപ്പോള്‍ അച്ഛന്‍ ചോദിച്ചു - "അതെ, എഴരയല്ലേ ആയുള്ളൂ.. എന്താ മടങ്ങിവന്നത്?"

മറുപടി "അതെ, ഒമ്പത് മണി തന്നെ, പക്ഷെ 9 pm അല്ല 9am ആണ് ".

എന്‍റെ ചെവിയില്‍ ചില സംഭാഷണങ്ങള്‍ കടന്നു വന്നു

 "ചെക്ക് ഇൻ കഴിഞ്ഞു വിളിക്കണേ..."
ചില രംഗങ്ങള്‍ മിന്നി മാഞ്ഞു- റ്റാറ്റാ സുമോയില്‍ നിന്ന് ഇറങ്ങിയതും, റ്റാറ്റാ പറഞ്ഞതും, ഉമ്മ കൊടുത്തതും ....കുറച്ചു മുന്‍പ് ഉമ്മ കൊടുത്ത കുട്ടി എന്‍റെ ഒക്കത്തിരുന്നു കൊണ്ട് ഒരു ഷോപ്പ് കാണിച്ചു പറഞ്ഞു:
"മാമാ ബിസ്ക്കറ്റ് ".

നേരത്തെ പുച്ഛിച്ചു സീറ്റിനടിയില്‍ തള്ളിയ ബിസ്ക്കറ്റ് തിരയാന്‍ തുടങ്ങി, എന്നിട്ടും ബിസ്ക്കറ്റ് കിട്ടിയില്ല. ഞാന്‍ ഡ്രൈവറോട് ചോദിച്ചു:

"ചേട്ടാ ടോര്‍ച്ച്‌ ഉണ്ടോ?"


0 comments:

Post a Comment