ഇന്ന് Jio sim എടുക്കാൻ തലശ്ശേരി ടൗണിൽ പോയി. ഒടുവിൽ എന്റെ ഫോൺ മുന്തിയ ഇനം ആയതുകൊണ്ട് സപ്പോർട്ട് ചെയ്യില്ല എന്നറിഞ്ഞു തിരിച്ചു വന്നു.
അവിടെ വന്നവരിൽ പലതരക്കാരുണ്ട്. ചെരുപ്പ് പോലും ഇടാതെ ഒരു അച്ഛൻ ചെറിയ മകനെയും കൂട്ടി അവന് jio സിം വാങ്ങിക്കൊടുക്കുന്ന കാഴ്ച കണ്ടു.
ഫ്രീ ആയത് കൊണ്ടാണ് ഞാനും പോയത്. അല്ലെങ്കിലും ഫ്രീയായി നായ്‌ക്കാട്ടം കൊടുക്കുന്നുണ്ട് എന്ന് കേട്ടാൽ നമ്മൾ ഇന്ത്യക്കാർ അവിടം വരെ ഒന്ന് പോയി നോക്കും. അൽസേഷനാണോ, നാടനാണോ എന്നറിയാൻ.
രാവിലെ 11 മണിക്ക് എനിക്ക് കിട്ടിയ ടോക്കൺ 66, ഞാൻ വീട്ടിൽ പോയി വൈകുന്നേരം 5 മണിക്ക് വീണ്ടും ചെന്നപ്പോൾ ടോക്കൺ 50 എത്തിയതെയുള്ളു. എന്റെ തൊട്ടു മുൻപിൽ നിന്നയാളെ ഞാൻ ശ്രദ്ധിച്ചു. പോളിസ്റ്റർ മുണ്ടുടുത്തു ചെക്ക് ഷർട്ട് ധരിച്ച ഒരു മധ്യവയസ്ക്കൻ. അയാളെ ഞാൻ ശ്രദ്ധിക്കാൻ കാരണം കാലിന്റെ പെരു വിരലിൽ അയാൾ ചുകന്ന നെയിൽ പോളിഷ് ഇട്ടിട്ടുണ്ട്. ചിലപ്പോൾ ഉറക്കത്തിൽ അയാളുടെ മക്കൾ ഒപ്പിച്ചതാകാം എന്നൊക്കെ ക്യൂവിൽ നിൽക്കുന്ന ഞാൻ സങ്കൽപ്പിച്ചു; ഒരു നേരമ്പോക്ക്.
അയാളുടെ മുഖത്തു സിം കിട്ടുന്ന സന്തോഷം പ്രകടമാണ്. ശബരിമലയിൽ ക്യൂ നിന്ന് ഒടുവിൽ പതിനെട്ടാം പടി കയറുമ്പോളുണ്ടാകുന്ന ഒരു സന്തോഷം, ആത്മ നിർവൃതി.
അന്വേഷിച്ചപ്പോൾ അയാൾ കോടിയേരിയിൽ നിന്ന് രാവിലെ തലശ്ശേരി വന്നു 60 നമ്പർ ടോക്കൺ എടുത്ത് ക്യൂവിൽ വൈകുന്നേരം വരെ ഭക്ഷണം പോലും കഴിക്കാതെ നിൽക്കുകയാണെന്ന് മനസ്സിലായി.
"ചേട്ടാ, നിങ്ങൾക്ക് രാവിലെ ടോക്കൺ വാങ്ങി വീട്ടിൽ പോയി വൈകുന്നേരം വന്നാൽ പോരായിരുന്നോ? നമ്പർ 60 അല്ലെ, ഭക്ഷണം പോലും കഴിക്കാതെ..."
"വീട്ടിൽ പോയാലും ഭക്ഷണം കിട്ടൂല... ഓള് പറഞ്ഞിന് ഇത് വാങ്ങാണ്ട് അങ്ങോട്ട് ചെല്ലണ്ടാന്ന്"
അപ്പോൾ ഞാൻ അയാളുടെ മനസ്സിലേ സന്തോഷം ന്യായമാണെന്ന് മനസ്സിലാക്കി.