skip to main |
skip to sidebar
"പൂച്ച മര്‍മ്മം"ക്രോധം വരുമ്പോള്‍ അത് ആരുടെ നേരെ 'എര്‍ത്ത്' ആക്കണം എന്ന് നോക്കി നടക്കുന്നവര്‍ക്ക് പൊതുവേ ഇരയായി കിട്ടാറുള്ളത് അച്ഛന്‍, അമ്മ, ഭര്‍ത്താവ് , ഭാര്യ, മക്കള്‍ ഇങ്ങനേ ആരെങ്കിലുമാണ്. എന്നാല്‍ ഒരു പൂച്ച ഇതിനു ഇരയായാലോ?
കഥ പറഞ്ഞു തന്നത് യു കെ ജി യില്‍ എന്‍റെ അടുത്ത് ഇരിക്കാറുള്ള ഒരു കുട്ടിയാണ്. കഥ ഇങ്ങനെ....
വീട്ടില്‍ എന്നും ഒരു പൂച്ച കയറി പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കും. അതിന്‍റെ കളി അവസാനിപ്പിക്കാന്‍ അവന്‍റെ അച്ഛന്‍ നിശ്ചയിച്ചു. പൂച്ച വരുന്നതും നോക്കി അവന്‍റെ അച്ഛന്‍ ഇരിപ്പായി. പൂച്ച പമ്മി പമ്മി അടുക്കളയില്‍ കയറിയ നേരത്ത് അച്ഛനും അടുക്കളയില്‍ ചാടി കയറി. പൂച്ച വന്ന വഴി അച്ഛന്‍റെ കാലുകള്‍ക്കിടയിലൂടെ ഓടി , അച്ഛന്‍ കാലു വിടര്‍ത്തി മുകളിലേക്ക് ചാടി, പിന്നെ വാതില്‍തുറന്നു പിറകെയോടി.... ഓട്ടം പറമ്പിലൂടെയായി ...രണ്ടു പേരും വിട്ടുകൊടുത്തില്ല. അച്ഛന്‍ അവിടെ കണ്ട ഒരുകല്ലെടുത്ത് ഒരു ഏറു കൊടുത്തു! (പൊതുവേ മാങ്ങക്ക് എറിഞ്ഞാല്‍ തേങ്ങക്ക് കൊള്ളുന്ന ഏറു പക്ഷെ പൂച്ചയുടെ മര്‍മ്മ സ്ഥാനം കലക്കി!!)
പാവം പൂച്ച, അത് ഏറു കൊണ്ടതിനു ശേഷവും വാല്‍ കാലുകള്‍ക്കിടയില്‍ ഒതുക്കി മനോവീര്യത്തോടെ ഓടി... ഏറു കൊണ്ടിട്ടും പൂച്ച ഓടുന്നത് കണ്ടപ്പോള്‍ അച്ഛന്‍ പിന്‍മാറി, വേഗത കുറച്ചു. പത്തടി പിന്നിട്ടപ്പോള്‍ പൂച്ച മലര്‍ന്നടിച്ചു വീണു...
പൂച്ചയുടെ മസ്തിഷ്ക്കത്തില്‍ ഏറിന്‍റെ ആഘാതം എത്താന്‍ അല്‍പ്പം താമസിച്ചതായിരിക്കാം, ആധുനിക വൈദ്യ ശാസ്ത്രം ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു...! ഇനി പൂച്ചയെകൊന്നതുകൊണ്ട് അച്ഛന്‍റെ കൈ വിറക്കുമോ എന്നാണു അവന്‍റെ സംശയം.
ഐഡിയ !!!
"യൂസ് മൊബൈല്‍, സേവ് പേപ്പര്‍" എന്ന് പറഞ്ഞു തുടങ്ങിയ പരസ്യം കണ്ടപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ആണ് ഇവിടെ എഴുതുന്നത്.
മരങ്ങള്‍ സംരക്ഷിക്കേണ്ടത് ആവശ്യം തന്നെ , പക്ഷെ അതിനു ആദ്യം വേണ്ടത് മൊബൈല്‍ ടവര്‍ സ്ഥാപിക്കുമ്പോള്‍ മരം മുറിക്കാതെ നോക്കുക എന്നതാണ്. അല്ലാതെ, നാട്ടില്‍ ഉള്ള മരങ്ങള്‍ ഒക്കെ മുറിച്ചു മൊബൈല്‍ ടവര്‍ ഉയര്‍ത്തി, പിന്നെ "സേവ് ട്രീ" എന്നും പറഞ്ഞു നടന്നിട്ട് കാര്യം ഒന്നുമില്ല .
ഇനി പേപ്പറിന് പകരം മൊബൈല്‍ ഉപയോഗിക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങള്‍ പരിശോധിക്കുക:
പേപ്പര്‍ ഇല്ലാതെ എങ്ങനെ കാര്യങ്ങള്‍ നടക്കും? കണ്ണെട്ടന്‍റെയും , ബാലേട്ടന്‍റെയും പീടികയില്‍(കട) പോയി അരക്കിലോ ഉള്ളിക്ക് പറഞ്ഞാല്‍ അയാള്‍ എങ്ങനെ അത് പൊതിഞ്ഞു തരും?
മൊബൈല്‍ 'cover'age കൊണ്ടോ?
ഇനി, നഖം മുറിക്കുമ്പോള്‍ അത് നിലത്തു വീഴാതിരിക്കാന്‍ "ഐഡിയ" വല്ലതും ഉണ്ടോ? വെറുതെ "കണമുണ" പറഞ്ഞു പരസ്യം ഉണ്ടാക്കിയാല്‍ നാട്ടുകാര്‍ വലയും.
നാട്ടുകാരുടെ കാര്യം പോട്ടെ, നമുക്ക് ആഗോള തലത്തില്‍ ചിന്തിക്കാം. ആഗോളതലത്തില്‍ "സമ്മര്‍ദങ്ങള്‍" വന്നാല്‍ ഇംഗ്ലീഷുകാര്‍ നന്നേ പാടുപെടും. അവര്‍ ഈ ഐഡിയ പ്രയോഗിച്ചു ടോയിലറ്റ് പേപ്പര്‍ സേവ് ചെയ്യാന്‍ തുടങ്ങിയാല്‍ കാര്യം ബുദ്ധിമുട്ടാകും (ഞങ്ങള്‍ക്ക്).
ഓരോരോ പരസ്യവും കൊണ്ട് വന്നോളും, മനുഷ്യനെ മെനക്കെടുത്താന്‍!
"Use land phone, avoid mobile towers thereby save tree"- ഇതാണ് പിന്നെയും നല്ലത്.
വളര്‍ത്തു ദോഷം !
4 ലാം ക്ലാസ്സില്‍ നിന്ന് 5 ആം ക്ലാസ്സിലേക്ക് മാറിയപ്പോള്‍ പുതിയ സ്കൂള്‍ അന്തരീക്ഷവുമായിപൊരുത്തപ്പെടുമ്പോള്‍ സംഭവിച്ച അതി ദാരുണമായ ഒരു സംഭവം ആണ് ഞാന്‍ വിവരിക്കാന്‍ പോകുന്നത്...
ടാഗോര്‍ വിദ്യാ പീഠത്തിലെ അന്തരീക്ഷത്തില്‍ നിന്നും സെന്‍റ് ജോസഫ്സ് ബോയ്സ് ഹൈ സ്കൂളില്‍ വന്നപ്പോള്‍ അപരിചിതരായ സഹപാഠികളെ പരിചയപെട്ട് വരുന്നതെ ഉണ്ടായിരുന്നുള്ളു. എന്‍റെ ഏട്ടന്‍റെ ചിലസുഹൃത്തുക്കളുടെ അനുജന്‍മാരും എന്‍റെ ക്ലാസ്സില്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞു. അങ്ങനെ ചിലരെ പരിചയപ്പെട്ടു.
അങ്ങനെ പരിചയപെട്ടു വരുമ്പോള്‍ ഒരു ദിവസം മേല്‍പ്പറഞ്ഞ അനുജന്മാരില്‍ ഒരു "അനുജനെ" പരിചയപ്പെടാന്‍ ഞാന്‍ പോയി. ഇന്റര്‍വെല്‍ ടൈമില്‍ ആണ് ഞാന്‍ പോയത്...എന്‍റെ ക്ലാസ്സില്‍ തന്നെയാണ് ഈ പറയുന്ന അനുജന്‍". ക്ലാസ്സിന്‍റെ ഒരു വശത്ത് നില്‍ക്കുകയായിരുന്നു അവന്‍ "കല പില" വര്‍ത്തമാനം പറഞ്ഞു കൊണ്ട്. ഞാന്‍ കയറിച്ചെന്നുചോദിച്ചു : "........യുടെ അനിയന്‍ അല്ലേ ? ഞാന്‍ മനോജിന്‍റെ അനിയനാണ്...എന്‍റെ ഏട്ടനും നിന്‍റെ ഏട്ടനും ക്ലാസ്സ്‌മേറ്റ്സ് ആണ്".
മുഖ ത്തടിച്ചതുപോലെ അവന്‍ പറഞ്ഞു : "അതിനു ഞാന്‍ എന്ത് വേണം?".
വളര്‍ത്തു ദോഷം ആണോ എന്തോ അറിയില്ല .....അച്ഛനും അമ്മയും ഡോക്ടര്‍മാര്‍ ആണ്. "വളര്‍ത്തു ദോഷം തന്നെ..." എന്‍റെ മനസ്സ് പറഞ്ഞു. അതോടെ ഇളിഭ്യനായ ഞാന്‍ സ്ഥലംകാലിയാക്കി... കക്ഷി ഇപ്പോള്‍ എന്‍റെ ഓര്‍ക്കുട്ടിലും ഫൈസ്ബുക്കിലും ഒക്കെ ഉണ്ട് , കാലം അവന്‍റെ കണ്ണ് തുറപ്പിച്ചു കാണണം.
ഇപ്പോഴും അവന്റെ സ്ക്രാപ്പ് കണ്ടാല്‍ എനിക്ക് ഇത് ഓര്മ വരും, കാരണം ചെറുപ്പത്തില്‍ ആളുകള്‍ കളിയാക്കുന്നത് അവരുടെ മനസ്സില്‍നന്നായി പതിയും. കുട്ടികളെ വേദനിപ്പിക്കുന്നവര്‍ ഓര്‍മിക്കുക.