Wednesday, October 12, 2016

പീസ്!

പീസ് സ്കൂളിലെ വിദ്യാർത്ഥികൾ നമ്മളെ പോലെ ആണെങ്കിൽ ആരൊക്കെ കിണഞ്ഞു പരിശ്രമിച്ചാലും അവരിൽ മത തീവ്രവാദം വളർത്താൻ കഴിയില്ല എന്ന് ആശ്വസിക്കാം.

കാരണം, പുസ്തകം മറിച്ചു നോക്കില്ല എന്നത് തന്നെ! :)

Friday, October 7, 2016

സമരം

മറ്റൊരു വെള്ളിയാഴ്ച വൈകുന്നേരം.

എറണാകുളം ടൌൺ റെയിൽവേ സ്റ്റേഷൻ പരിസരം നിറയെ ഖദർ ധാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.

സന്ദേശം സിനിമയിൽ യശ്വന്ത് സഹായിയെ സ്വീകരിക്കുന്ന ഒരു ഫീൽ.

ട്രെയിൻ എന്നത്തേയും പോലെ 1 മണിക്കൂർ വൈകിയോടുന്നു. ഞാൻ അടുത്തുള്ള ഹോട്ടലിൽ പോയി മസാല ദോശയും ചായയും വരുത്തി ദോശയെ ശസ്ത്രക്രിയ ചെയ്തു തുടങ്ങി.
പുറത്തു കണ്ട ജനക്കൂട്ടം ഹോട്ടലിലെ ഓരോ കസേരയും നിറച്ചു തുടങ്ങിയിരുന്നു. അവർ ചായയും, വടയുമൊക്കെ വരുത്താൻ തുടങ്ങി.

എന്റെ അടുത്തിരുന്ന ഖദർ ധാരിയോട് ഞാൻ ചോദിച്ചു

"എന്താ ഇവിടെ ആൾക്കൂട്ടം?"

"എം എൽ എ വരുന്നുണ്ട്"

"എം എൽ എ വരുമ്പോ ഇത്ര ജനങ്ങളോ?"

"നിരാഹാരം കഴിഞ്ഞു ഹൈബി ഈഡൻ വരുന്നതാണ്"

"സമരം ഒത്തു തീർന്നോ?"

"ഇല്ല, നിയമസഭ പിരിഞ്ഞു; ഇനി അവിടെ സമരം നടത്തിയിട്ട് കാര്യമില്ല. ഇനി പുറത്തു നിരാഹാരം"

സംസാരത്തിനിടെ അയാൾ പ്ലേറ്റിലുള്ള വട സാമ്പാറിൽ കൈകൊണ്ടു 'ഞെമിണ്ടി'.

കേന്ദ്രത്തിലും, സംസ്ഥാനത്തും പ്രതിപക്ഷത്തിനു ശക്തികുറഞ്ഞല്ലോ എന്ന് ചോദിക്കണോ വേണ്ടയോ എന്റെ മനസ്സ് ശങ്കിച്ചു.

പിന്നെ ഞാൻ ഓർത്തു, ചോദിക്കുന്നതിൽ അർത്ഥമില്ല;  ഇവരുടെയൊക്കെ ദേശീയ നേതാവ് രാഹുൽ ഗാന്ധിയല്ലേ.

ഞാൻ എന്റെ പ്ലേറ്റിലേക്ക് നോക്കി. മാറ് പിളർന്ന് കിടക്കുന്നു നമ്മുടെ മസാല ദോശ.