Thursday, January 8, 2009

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...



രാജു ചെറുപ്പത്തിലെ കുസൃതിത്തരം ഒപ്പിക്കുന്ന ഒരു കൊച്ചു ബാലനായിരുന്നു. കണക്ക് പരീക്ഷയില്‍
തോല്‍ക്കുമെങ്കിലും, അടുത്തിരിക്കുന്ന "മാത്യുസിന്‍റെ" ഉത്തരക്കടലാസ് തന്‍റെ ഉത്തരക്കടലാസില്‍ തുന്നിച്ചേര്‍ത്തു വീണ്ടും ടീച്ചറെ സമീപിച്ചു ജയിക്കുന്നതാണ് അവന്‍റെ കണക്കിലെ മിടുക്ക്. അങ്ങനെ കണക്ക് ടീച്ചറെപ്പോലും അവന്‍ കണക്കില്‍ തോല്‍പ്പിച്ചു മുന്നേറി.


വീട്ടില്‍ കറവ പശുവിന്‍റെ പാല്‍ കുറഞ്ഞപ്പോള്‍ പാലില്‍ വെള്ളമൊഴിച്ചും ആളുകളെ പറ്റിക്കാമെന്നവന്‍ പറഞ്ഞപ്പോള്‍ ആരും അന്ന് അവനെ ശാസിച്ചില്ല, അത് തെറ്റാണെന്ന് അവനെ ആരും ഉപദേശിച്ചില്ല, വീട്ടുകാര്‍ ഇന്നതോര്‍ക്കുന്നു.

വളര്‍ന്നപ്പോള്‍ അവന്‍ ഡയറി ഫാം തുടങ്ങിയില്ല, പകരം ഇന്നവന്‍ ഒരു കമ്പനിയില്‍ ചെയര്‍മാനായി ... കമ്പനിക്ക് പേരുമിട്ടു സത്യം (പറ്റിയ പേരു). കുട്ടിക്കാലത്ത് കണക്കു ടീച്ചറെ പറ്റിച്ചപോലെ അവന്‍ ചില തുന്നിച്ചേര്‍ക്കലുകള്‍ നടത്തി... അന്ന് മാത്യുസിന്‍റെ ഉത്തരകടലാസാണെങ്കില്‍ ഇന്ന് "മൈറ്റാസ്" കമ്പനി. ഇന്നവന്‍ വലയിലായി.. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍...


"തട്ടിപ്പുകാരനാം രാമലിംഗത്തിനേ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.

ഷെയര്‍ മാര്‍ക്കറ്റില്‍ കേറിക്കളിച്ചിവന്‍...

ഓഹരി സൂചികയെ പൊളിച്ചടക്കീയിവന്‍..

...ആര്‍ക്കും ഇവനന്നു പിടികൊടുത്തില്ല ...

(chorus)
സിംഗം പലതരം സിംഗം

അതിലൊരു സിംഗം, ഇവന്‍ രാമലിംഗം...."

Sunday, January 4, 2009

ഒരു ലുങ്കി കഥ...

ഒരു ലുങ്കി കഥ...


ഏറെ പ്രതീക്ഷകളോടെയാണ് അവന്‍ വീട്ടില്‍നിന്നിറങ്ങിയത് . ചെറുപ്പത്തില്‍ കണ്ടിട്ടുള്ളതാണ് പപ്പനെ, നാട്ടിലുള്ള പല ലുങ്കികളെയും കോട്ടിലേക്ക് പരിവര്‍ത്തനം ചെയ്യിച്ച ആളാണ് പപ്പന്‍ . പപ്പന്‍റെ വീട്ടില്‍ ചെന്നാല്‍ എങ്ങനെ സംബോധനചെയ്യും ...പപ്പന്‍ അങ്കിള്‍, അല്ല പപ്പേട്ടന്‍, ഛെ അല്ലെങ്കില്‍ "പപ്പന്‍ സാര്‍..." എന്ന് കാറി കരഞ്ഞു കാലില്‍ വീഴാം...എന്നൊക്കെ തലപുകഞാലോചിച്ചുകൊണ്ടാണ് നടപ്പ്...ഒരു തീരുമാനവുമായില്ല.

നാട്ടില്‍ വാള്‍ പോസ്റ്റര്‍ ഒട്ടിച്ചവനെ വാള്‍ സ്ട്രീറ്റില്‍ എത്തിച്ച മഹാമനാസ്ക്കാനാണ് നമ്മുടെ "ജപ്പാന്‍ പപ്പന്‍" എന്നൊക്കെ ആളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട് . 15 വര്‍ഷം കമ്പനിയില്‍ ജോലിപരിചയം ഉള്ള ആളാണ്. ഒരു ജോലി തരപ്പെടുത്തിത്തരാന്‍ അയാള്‍ അമാന്തിക്കില്ല എന്നൊക്കെ പ്രതീക്ഷകള്‍ മെനഞ്ഞുകൊണ്ട് നമ്മുടെ കഥാനായകന്‍ സിമ്പിളായി കോണിപ്പടി കേറി കേറി മുറ്റത്തെത്തി. "പപ്പാ ശരണം ശരണമെന്‍ പപ്പേട്ടാ.." എന്നൊക്കെ ബഹുമാന പുരസ്സരം മനസ്സില്‍ വിളിച്ച്കൊണ്ട് കോളിംഗ് ബെല്‍ അമര്‍ത്തിപ്പിടിച്ചു...

ആരും വാതില്‍ തുറക്കുന്നില്ല...പിന്നേം കേറി അമര്‍ത്തി .. ക്രി ......... ആരോ കര്‍ട്ടന്‍ മാറ്റി ഒളിച്ചു നോക്കി ..പിന്നെ വാതില്‍ തുറന്നു.. "പപ്പേട്ടനെ കാണാന്‍ വന്നതാ...".
"എന്തിനാ?"...വാതില്‍ തുറന്ന സ്ത്രീ ദയനീയതയോടെ നോക്കി ചോദിച്ചു.
"അല്ല, എം സീ എ കഴിഞ്ഞു..പപ്പേട്ടന് മാത്രമേ ഇനി റെസ്യുമെ കൊടുക്കാന്‍ ബാക്കിയുള്ളൂ.. പപ്പേട്ടന്‍...സര്‍ എപ്പോ വരും?" നായകന്‍ തുടര്‍ന്നു.

ആ സ്ത്രീ സ്വരം താഴ്ത്തി പറഞ്ഞു "മോനേ ഞാന്‍ പപ്പന്‍റെ പെങ്ങളാ, ഒന്നും വിചാരിക്കരുത്, അവന് ജോലിപോയിട്ട് ഇന്നു ഒരുമാസം- നാല് ദിവസം....."(മുഴുമിക്കാന്‍ നിന്നില്ല).


അവസാന പ്രതീക്ഷയും പോയ നമ്മുടെ നായകന്‍ കയ്യില്‍ നിന്നും ബലൂണ്‍ പൊട്ടിപ്പോയ കുട്ടിയെ പോലെ തരിച്ചു നിന്നു... തിരിഞ്ഞു നോക്കാതെ നിലത്തു നോക്കി നടന്നു...കുറച്ചു നടന്നു തിരിഞ്ഞുനോക്കിയപ്പോള്‍ ഉള്ളില്‍ നിന്നു ഒരു തല പുറത്തേക്ക് വന്നു ...
വര്‍ഗ്ഗ സ്നേഹത്തോടെ പപ്പേട്ടന്‍ എത്തിനോക്കുന്നു ...കോട്ടിലല്ല, ലുങ്കിയില്‍... പപ്പേട്ടന് ജോലി കിട്ടിയിട്ട് വേണം ഇനി...