എന്നുവരും, നീയെന്നുവരും വൈവേ...
യുനിവെഴ്സിറ്റി എപ്പോള്‍ പരീക്ഷ(വൈവ) നടത്തുമെന്നു കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി, അതിന് ശേഷം ചന്ദ്രയാന്‍-1 കഴിഞ്ഞു, അടുത്ത ചന്ദ്രയാന്‍-2 ഡേറ്റ് വരെ ISRO പ്രഖ്യപിച്ചു എന്നാണ് കേട്ടത്, നമ്മുടെ യുനിവെഴ്സിറ്റി (പേരു പറയുന്നില്ല, അറപ്പാണ്) വൈവ നടത്തും എന്ന് പറഞ്ഞിട്ട് ഇപ്പൊ മാസം ഒന്നു കഴിഞ്ഞു. അല്ല, വൈവ കഴിഞ്ഞിട്ടു ഇപ്പൊ പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ല, എന്നാലും... ആ വൈവയാണ് ഇപ്പോള്‍ നമുക്കു ഒരു "കച്ചി തുരുമ്പ്". ആരെങ്കിലും ചോദിച്ചാല്‍ തന്റെടത്തോടെ, നട്ടെല്ല് നിവര്‍ത്തി പറയാന്‍ ഒരു വൈവയെങ്കിലും ഉണ്ട്.
ചില സഹപാഠികള്‍, നാട്ടുകാരുടെ കുത്തി നോവിക്കല്‍ സഹിക്കവയ്യാതെ അജഞാത കേന്ദ്രത്തില്‍ മൊബൈല്‍ സ്വിച്ച് ഓഫ് (റീ ചാര്‍ജിനു കാശില്ലല്ലോ) ചെയ്തു ഇരിപ്പാണ്. മറ്റു ചിലര്‍ രാവിലെ ലാപ്ടോപും തൂക്കി ജോലിക്കെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങി തലശ്ശേരി ബസ്സ് സ്റ്റാന്‍ഡില്‍ റൂമെടുത്ത്, രാത്രി കൂടണയാന്‍ നേരം വീട്ടില്‍ പോകുന്നുവെന്നാണ് അറിഞ്ഞത് .
കോളേജില്‍ ചേരുമ്പോള്‍ ഫീസിനു പുറമെ ലാപ്ടോപ് മേടിക്കാന്‍ ലോണ്‍ എടുക്കില്ലെന്ന് വാശി പിടിച്ചപ്പോള്‍ ഞങ്ങളെ ഉത്സാഹ-ഭരിതരാക്കി, ജോലി കിട്ടിയാല്‍ മൂന്ന് മാസം കൊണ്ടു ആ കാശു അടച്ചു തീര്‍ക്കാം എന്ന് പറഞ്ഞ ലക് ചര്മാരെ ഇപ്പോള്‍ മാഷിയിട്ടുനോക്കിയാല്‍ പോലും കാണുന്നില്ല. അവരെ രാത്രി സ്വപ്നത്തില്‍ കാണുമെങ്കിലും കൈത്തരിപ്പു തീര്‍ക്കാന്‍ നോക്കിയാല്‍ അപ്പോളേക്കും ഉറക്ക് ഞെട്ടും. എന്തൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍ ...
നമ്മുടെ ബാബുവിന്റെ (പേരു വെളിപ്പെടുത്തുന്നില്ല) കാര്യം പരിതാപകരമാണ് , "പശുവും ചത്തു, മോരിലെ പുളിയും പോയി" എന്ന അവസ്ഥയിലാണ് അവന്. അന്ന് ഫീസടക്കാന്‍ ആവേശത്തില്‍ വടക്കേ പറമ്പ് പണയം വച്ചു. പണയം വച്ചില്ലെങ്കില്‍ ഇന്ന് വല്ല ചീര കൃഷിയും നടത്താമായിരുന്നു. ഇന്റ്റര്‍വ്യൂ ലെറ്റര്‍ ഇല്ലെങ്കിലും പകരം ഇപ്പോള്‍ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് കൈപ്പറ്റുന്നുണ്ട് എന്നാണു അവസാനം വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.