Monday, December 29, 2008

എന്നുവരും, നീയെന്നുവരും വൈവേ...

എന്നുവരും, നീയെന്നുവരും വൈവേ...



യുനിവെഴ്സിറ്റി എപ്പോള്‍ പരീക്ഷ(വൈവ) നടത്തുമെന്നു കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി, അതിന് ശേഷം ചന്ദ്രയാന്‍-1 കഴിഞ്ഞു, അടുത്ത ചന്ദ്രയാന്‍-2 ഡേറ്റ് വരെ ISRO പ്രഖ്യപിച്ചു എന്നാണ്‌ കേട്ടത്, നമ്മുടെ യുനിവെഴ്സിറ്റി (പേരു പറയുന്നില്ല, അറപ്പാണ്) വൈവ നടത്തും എന്ന് പറഞ്ഞിട്ട് ഇപ്പൊ മാസം ഒന്നു കഴിഞ്ഞു. അല്ല, വൈവ കഴിഞ്ഞിട്ടു ഇപ്പൊ പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ല, എന്നാലും... ആ വൈവയാണ് ഇപ്പോള്‍ നമുക്കു ഒരു "കച്ചി തുരുമ്പ്". ആരെങ്കിലും ചോദിച്ചാല്‍ തന്‍റെടത്തോടെ, നട്ടെല്ല് നിവര്‍ത്തി പറയാന്‍ ഒരു വൈവയെങ്കിലും ഉണ്ട്.

ചില സഹപാഠികള്‍, നാട്ടുകാരുടെ കുത്തി നോവിക്കല്‍ സഹിക്കവയ്യാതെ അജഞാത കേന്ദ്രത്തില്‍ മൊബൈല്‍ സ്വിച്ച്‌ ഓഫ് (റീ ചാര്‍ജിനു കാശില്ലല്ലോ) ചെയ്തു ഇരിപ്പാണ്. മറ്റു ചിലര്‍ രാവിലെ ലാപ്ടോപും തൂക്കി ജോലിക്കെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങി തലശ്ശേരി ബസ്സ് സ്റ്റാന്‍ഡില്‍ റൂമെടുത്ത്, രാത്രി കൂടണയാന്‍ നേരം വീട്ടില്‍ പോകുന്നുവെന്നാണ് അറിഞ്ഞത് .
കോളേജില്‍ ചേരുമ്പോള്‍ ഫീസിനു പുറമെ ലാപ്ടോപ് മേടിക്കാന്‍ ലോണ്‍ എടുക്കില്ലെന്ന് വാശി പിടിച്ചപ്പോള്‍ ഞങ്ങളെ ഉത്സാഹ-ഭരിതരാക്കി, ജോലി കിട്ടിയാല്‍ മൂന്ന് മാസം കൊണ്ടു ആ കാശു അടച്ചു തീര്‍ക്കാം എന്ന് പറഞ്ഞ ലക് ചര്‍മാരെ ഇപ്പോള്‍ മാഷിയിട്ടുനോക്കിയാല്‍ പോലും കാണുന്നില്ല. അവരെ രാത്രി സ്വപ്നത്തില്‍ കാണുമെങ്കിലും കൈത്തരിപ്പു തീര്‍ക്കാന്‍ നോക്കിയാല്‍ അപ്പോളേക്കും ഉറക്ക് ഞെട്ടും. എന്തൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍ ...


നമ്മുടെ ബാബുവിന്‍റെ (പേരു വെളിപ്പെടുത്തുന്നില്ല) കാര്യം പരിതാപകരമാണ് , "പശുവും ചത്തു, മോരിലെ പുളിയും പോയി" എന്ന അവസ്ഥയിലാണ് അവന്‍. അന്ന് ഫീസടക്കാന്‍ ആവേശത്തില്‍ വടക്കേ പറമ്പ് പണയം വച്ചു. പണയം വച്ചില്ലെങ്കില്‍ ഇന്ന് വല്ല ചീര കൃഷിയും നടത്താമായിരുന്നു. ഇന്‍റ്റര്‍വ്യൂ ലെറ്റര്‍ ഇല്ലെങ്കിലും പകരം ഇപ്പോള്‍ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് കൈപ്പറ്റുന്നുണ്ട് എന്നാണു അവസാനം വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.

Thursday, December 25, 2008

ഇന്‍റ്റര്‍വ്യൂ !!!

ഇന്‍റ്റര്‍വ്യൂ !!!


പഠിച്ച പണി പതിനെട്ടും പയറ്റി ഒടുവില്‍ ഒരു ഇന്‍റ്റര്‍വ്യൂ ഒത്തുവന്നു. പൂരത്തിന് പോകുന്നതുപോലെ എല്ലാവരും സംഘം ചേര്‍ന്ന് ബാഗ്ലൂര്‍ക്ക് യാത്ര തിരിച്ചു . രാവിലെ കുളിച്ചു ഫ്രഷ്‌ ആയി വീട്ടില്‍നിന്നു ഇസ്തിരിയിട്ട ചുളിഞ്ഞ ഷര്‍ട്ട്‌ ഒക്കെ പാടുപെട്ടു വലിച്ചു നിവര്‍ത്തി വീണ്ടും വെടിപ്പാക്കി ഇന്‍ ചെയ്തു ഞങ്ങള്‍ ആ ജോലി ലകഷ്യമാക്കി നടന്നു, ഇന്ദിര നഗര്‍ ആണ് മനസ്സില്‍ ലക്‌ഷ്യം, ജോലിയാണ് മറ്റൊരു ലക്‌ഷ്യം.

"ഡാ ഈ ജോലി നമുക്കു തന്നെ തീര്‍ച്ച" കൂട് ഉള്ള ഒരു "ഓവര്‍ കോണ്‍ഫിടന്റ്റ് " ആശ്വസിച്ചു. കഷ്ട്ടപെട്ടാലെ ജോലി കിട്ടു എന്ന് മറ്റൊരു മാന്യന്‍ , അതുകൊണ്ട് രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ ഒരു ഓട്ടോ പോലും പിടിക്കാതെ ,ഞങ്ങള്‍ ലക്ഷ്യത്തിലേക്ക് നീങ്ങി കഴുത ശബരിമല കേറുന്നത് പോലെ . കൂടെയുള്ള ഒരു വിദ്വാന്‍റെ സുഹൃത്ത് വഴിയാണ് ഈ ഇന്‍റ്റര്‍വ്യൂ വന്നു പെട്ടത്. കുറച്ചു നടന്നു കഴിഞ്ഞപ്പോള്‍ അവന്‍ വിളിച്ചു .. "എടാ അവര്‍ 60 രൂപ ചോദിക്കുന്നുണ്ട്", ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ അറുപതു രൂപ??? ഇന്‍റ്റര്‍വ്യൂ ബോര്‍ഡിനെ ശപിച്ചു കൊണ്ടു ഞങ്ങള്‍ നീങ്ങി.

പോയാലും അറുപതു രൂപയല്ലേ , ഇത്രവരെ വന്നതല്ലേ അറ്റന്‍ഡ് ചെയ്യാം, 60 രൂപ ചില്ലറ കരുതാം എന്ന് വച്ചു ജ്യൂസ്‌ ഒക്കെ കുടിച്ചു കറക്റ്റ് 60 രൂപ പോക്കറ്റില്‍ കയ്യെത്തുന്നിടത് തിരുകിവച്ചു... അവിടെ എത്തിയപ്പോള്‍ ഇന്‍റ്റര്‍വ്യൂ ചെയ്യുന്ന കക്ഷി ചോദിച്ചു , "സൊ യു നോ എബൌട്ട് ദ കണ്ടിഷന്‍സ്???",,, ഞങ്ങള്‍ നാല്പേരും കാളകളെ പോലെ തലയാട്ടി... "യ , യെസ്‌ , യോ, യ "... എന്നിട്ട് റെസ്യുമെടുത്തു ഉള്ളിലോട്ടു കേറി ...

അവിടെ അതാ ഇരിക്കുന്നു "കനക സിംഹാസനത്തില്‍ കയറിയിരിക്കും ഇവന്‍ ശുനകനോ "... പാട്ടു മനസ്സില്‍ കയറി വന്നു... നെയ്യില്‍ പൊരിച്ച പുതിയ ലുയി ഫിലിപ് ഷര്‍ട്ട്‌ ഇട്ട ഒരു ബോറന്‍, തനി "കാട്ടുമാക്കാന്‍" ... അവന്‍ നാല് പേരെയും ഒരുമിച്ചു ആ കുടുസു മുറിയില്‍ കയറ്റി ... ചോദ്യങ്ങള്‍ തുടങ്ങി....എന്തൊക്കെയോ കുത്തികുറിച്ചു ,,,എല്ലാം കഴിഞ്ഞു അവന്‍ കണ്ടീഷന്‍ എഴുന്നള്ളിച്ചു ... "വി നീഡ് സിക്സ്റ്റി തൌസന്റ്റ് ടെപോസിറ്റ്"..... എന്‍റെ കണ്ണില്‍ നിന്നും കുറെ മഞ്ഞക്കിളി പാറി... കീശയിലെ അറുപതു രൂപ ഞങ്ങളെ നോക്കി ചിരിച്ചു... ഉത്തരം പറയാതെ ഞങ്ങള്‍ എഴുന്നേറ്റു ... ഞാന്‍ പോകുന്ന വഴി വീണ്ടും റൂമില്‍ കയറി നമ്മുടെ കാട്ടുമാക്കാനെ നോക്കി പറഞ്ഞു " ഐ ഹാവ് വണ്‍ മോര്‍ ഇന്റര്‍വ്യൂ റ്റു അറ്റന്‍ഡ്, ഗിവ് മി ദാറ്റ് റെസ്യുമെ ബാക്ക് പ്ലീസ്..."

ഇലനക്കി പട്ടിയുടെ ചിറിനക്കി പട്ടികള്‍ .....

ജോലി ആയാല്‍ അറിയിക്കാം!!!

ജോലി ആയാല്‍ അറിയിക്കാം!!!

ഇത്ര നാളും ബാഗും തൂക്കി കോളേജില്‍ പോകുമ്പോള്‍ ഒരുത്തനേയും പേടിക്കേണ്ടായിരുന്നു. എല്ലാ ദിവസവും ഓണ്‍ലൈനില്‍ പുതിയ ക്യാപ്ഷന്‍ സെറ്റ് ചെയ്തു ചാറ്റ് ചെയ്യാമായിരുന്നു ആരെങ്കിലും ചോദിച്ചാല്‍ "പ്രൊജക്റ്റ്‌" , "വൈവ", "എം സീ എ" എന്നൊക്കെ കാച്ചി വിടാമായിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങാന്‍ സുര്യ ഭഗവാന്‍ കനിയണം, രാത്രി പുറത്തിറങ്ങിയാല്‍ ആരും തിരിച്ചറിയില്ല ഇത്ര നാളും വൈദ്യുതി മന്ത്രിയെ തെറി വിളിച്ചതും ശപിച്ചതിനും ഞാന്‍ പരിതപിക്കുന്നു. ഇപ്പോളാണ് പവര്‍ കട്ട് ഒരു അനുഗ്രഹം ആയതു. രാത്രി കിട്ടുന്ന അര മണിക്കൂര്‍ പവര്‍ കട്ട് കാരണം ഒന്നു പുറത്തിറങ്ങി ശുദ്ധ വായു ശ്വസിക്കാം എന്നായി, പവര്‍ കട്ട് ഒരു മണിക്കൂര്‍ ആക്കിയെങ്ങില്‍ നന്നായിരുന്നു എന്ന് തോന്നുന്നു.
അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കാം എന്ന് കരുതിയാല്‍ അവിടെയും കാണും ചില കഴുകന്‍മാര്‍. എം സീ എ ക്കാരെയും ബി ടെക് കാരെയും കുറിച്ചു അറിയാനാണ് ഇവറ്റകള്‍ അമ്പലം കേറി നിരങ്ങുനതെന്ന് തോന്നും. സോപാനത്തില്‍ കണ്ണടച്ച് നിന്നാല്‍ ഇവറ്റകള്‍ പോകും എന്ന് കരുതി കുറെ നേരം അങ്ങനെ നില്ക്കും, കാലൊച്ച ഇല്ലെന്നുരപ്പാക്കിയാണ് കണ്ണ് തുറക്കുന്നത്, എന്നാലും അവിടെ എവിടെയെങ്കിലും ചുറ്റി പറ്റി നില്ക്കും ഒരു വളിച്ച ചിരിയുshrമായ് "എന്താ പ്രൊജക്റ്റ്‌ കഴിഞ്ഞോ ജോലി ആയോ "... കേട്ടാല്‍ തോന്നും ഇവന്‍മാര്‍ പിടിച്ചു
ജോലി തരാന്‍ ആണ് ചോദിക്കുന്നതെന്ന് ..അലവലാതികള്‍ (ക്ഷമിക്കണം വേദന കൊണ്ടു വിളിച്ചതാണ് ).

പുറത്തിറങ്ങാതെ ഓണ്‍ലൈനില്‍ പോയാല്‍ അവിടെയും കാണും ചില എമ്പോക്കികള്‍ ..... സ്വന്തം ജോലി നഷ്ട്ടപെട്ട ടീം ആകും കക്ഷികള്‍, എന്നാലും "മകന്‍ ചത്താലും മരുമകളുടെ കണ്ണീര്‍ കാണണം " മോഡല്‍ ടീം ആണ്. ജി - ടോക്കില്‍ ഇന്‍-വിസിബിള്‍ മോഡ് ഉള്ളത് കൊണ്ടു ഇങ്ങനെ തട്ടിമുട്ടിപ്പോകുന്നു.

മഴാക്കാര്‍ കണ്ടു ഓവില്‍ തൂറിയ പോലെ ആയി കാര്യങ്ങള്‍. ഐ ടി മേഖലയില്‍ ശമ്പളം കണ്ടാണ്‌ ലോണ്‍ എടുത്തു എം സീ എ ക്ക് ചേര്‍ന്നത്‌ ...ഇപ്പോള്‍ മഴ കാറ്റു കൊണ്ടു പൊയ്...
ഇപ്പോള്‍ ആരെങ്കിലും ജോലിയെ പറ്റി ചോദിച്ചാല്‍ ഒരു ഉത്തരം ആണ് നല്‍കാറ് "ജോലി ആയാല്‍ അറിയിക്കാം "